Type Here to Get Search Results !

Bottom Ad

'അയാളുടെ മൃതദേഹം കെട്ടിയൊരുക്കി ഇങ്ങോട്ടയക്കേണ്ടെന്ന് ഭാര്യയും മക്കളും'; ഉള്ളുപൊള്ളിച്ച സംഭവം പങ്കുവച്ച് അഷ്‌റഫ് താമരശേരി


ദുബൈ: ജീവിതത്തിന്റെ നല്ല ഭാഗം കുടുംബത്തിനായി മരുഭൂമിയില്‍ ചെലവിട്ട പ്രവാസിയോട് മരണശേഷം കുടുംബം കാട്ടിയ ക്രൂരത പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരി. ഭര്‍ത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് അഷറഫ് താമരശേരി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് ഇങ്ങനെ..

ഭര്‍ത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ അയാളുടെ നിര്‍ജ്ജീവമായ ദേഹത്തെ ഭൂമിയില്‍ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു.

അയാള്‍ വന്നിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലില്‍ പണിയെടുത്ത് കിട്ടുന്നതില്‍ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാള്‍ അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിര്‍മിച്ചു. അയാളെ വീണ്ടും വീണ്ടും കടത്തിലാഴ്ത്തി. രാവും പകലും പണിയെടുത്ത് ആ പാവം കുഴങ്ങിയിരുന്നു.

എന്തായാലും ഇന്നലെ അയാള്‍ തന്റെ അറുപത്തിരണ്ടാം വയസ്സില്‍ പ്രവാസിയായി മരണപ്പെട്ടു. പതിവുപോലെ അയാളുടെ കുടുംബത്തെ വിളിച്ച് മരണവിവരം ധരിപ്പിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നും ഭാര്യയും മക്കളും ഒരേസ്വരത്തില്‍ ആവര്‍ത്തിച്ചു. പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു.. ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം..

എന്റെ കടമ എനിക്ക് നിര്‍വ്വഹിച്ചേ മതിയാവൂ.. അയാളുടെ നാട്ടിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവരെ വിവരങ്ങള്‍ ധരിപ്പിച്ചു. പിന്നീട് ഒട്ടേറെ ഫോണ്‍ വിളികള്‍... മൃതദേഹം തങ്ങള്‍ക്ക് വേണ്ടെന്ന് ഭാര്യ സ്റ്റേഷനില്‍ എഴുതി ഒപ്പിട്ടുകൊടുത്തു. ഭാര്യ നിഷേധിച്ച ഭര്‍ത്താവിന്റെ ദേഹത്തെ അവസാനം അയാളുടെ സഹോദരിയുടെ മക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു.

ദൈവം തന്റെ സൃഷ്ടികളില്‍ കരുണയുള്ളവനാണ്. അയാള്‍ക്കുവേണ്ടി നന്മയുള്ള ചിലരെയെങ്കിലും നാട്ടില്‍ ഒരുക്കിനിര്‍ത്താന്‍ ദൈവം മറന്നിരുന്നില്ല. മരണത്തോടെ അവശേഷിക്കുന്ന ശരീരത്തോട് ഒരാളും അനാദരവ് കാട്ടരുത്. അത് ഏത് ജീവിയുടേതായാലും. എങ്കിലേ നമുക്ക് മനുഷ്യനെന്ന് അഭിമാനിക്കാനാകൂ.. നമുക്കും ഒരു ശരീരമുണ്ട്.. നാളെ അതിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല. ഇനി ഒരാള്‍ക്കും ഈ ഗതി വരാതിരിക്കട്ടെ.. നമുക്ക് പ്രാര്‍ത്ഥിക്കാം..

Tags

Post a Comment

0 Comments

Top Post Ad

Below Post Ad