കാസര്‍കോട്: നിസ്വാര്‍ത്ഥന്‍. നിഷ്‌കളങ്കന്‍. സാമൂഹിക സേവനകന്‍. ഹൃദയങ്ങളെ ചേര്‍ത്തുനിര്‍ത്തിയ രാഷ്ട്രീയക്കാരന്‍. ഊഷ്മളമായ സൗഹൃദവും ഹൃദയാവര്‍ജ്ജകമായ പെരുമാറ്റവും കൊണ്ട് മനസു മഥിക്കുന്ന അദ്ദേഹം എല്ലാവ രുടെയും സ്നേഹാദരവുകള്‍ നിലനിര്‍ത്തിയിരുന്ന വ്യക്തിത്വം.. അങ്ങനെ വിശേഷണങ്ങളുമൊരുമിച്ച മുഹമ്മദ് മുബാറക് ഹാജി ഇനി ഹൃദയങ്ങളുടെ ഓര്‍മകളില്‍ മാത്രം. ധന്യമായ ജീവിതത്തിലൂടെ ഒരു യുഗത്തിന്റെ പടവുകളില്‍ തന്റെ സാമൂഹിക സേവനത്തിന്റെ കാലടയാളങ്ങള്‍ ബാക്കിവച്ചാണ് മുബാറക് ഹാജി എന്ന വലിയ മനുഷ്യന്‍ മരണത്തിലേക്ക് പോയത്.
ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ഐ.എന്‍.എല്‍ നേതാവുമായ ആലംപാടി എരുതുംകടവിലെ മുഹമ്മദ് മുബാറക് ഹാജി (91) വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു നിര്യാതനായത്. 1946-ല്‍ തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ എം.എസ്.എഫ്.ജോയിന്റ് സെക്രട്ടറിയായിട്ടാണ് പൊതുപ്രവര്‍ത്തന രംഗത്ത് സക്രിയമായത്. 1957-ല്‍ മുട്ടത്തോടി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
നാല് പതിറ്റാണ്ടോളം കാലം ചെങ്കള പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചു. 1985 മുതല്‍ 1993 വരെ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1993-ല്‍ നാഷണല്‍ ലീഗ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1990-ല്‍ ചെങ്കള-മധൂര്‍ ഡിവിഷനില്‍ നിന്നും ജില്ലാ കൗണ്‍സിലിലേക്കും 2005-ല്‍ ചെങ്കള ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
2005 മുതല്‍ അഞ്ച് വര്‍ഷത്തോളമാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. അവിഭക്ത കണ്ണൂര്‍ ജില്ലാ വികസന സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.മലയാള മഹാജന സഭജോയിന്റ് സെക്രട്ടറി,ആലംപാടി നൂറുല്‍ ഇസ്ലാം സഭ സെക്രട്ടറി, ആലംപാടി ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റ്,ആലംപാടി കരുണ സ്പ്യഷ്യല്‍ സ്‌കൂള്‍ പ്രസിഡന്റ്, ആലംപാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ്, ഓര്‍ഫനേജ് ആന്റ് അതര്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, മലയാളം, ഇംഗ്ലീഷ് പത്രങ്ങളില്‍ പ്രദേശിക ലേഖകനായും പ്രവര്‍ത്തിച്ചു.
ഭാര്യമാര്‍: മറിയം (മലപ്പുറം വെള്ളിമറ്റം),പ രേതയായ ഉമ്മാലി ഉമ്മ(ആലംപാടി). മക്കള്‍: അബു മുബാറക് എന്ന എം.എം അബൂബക്കര്‍ (വ്യാപാരി), പരേതരായ അബ്ദുള്ള, ബീഫാത്തിമ. മരുമക്കള്‍: റഫീല അബ്ദുള്ള (ചാപ്പക്കല്ല്), പള്ളിക്കുഞ്ഞി (ആദൂര്‍), ഖദീജ (ഉപ്പള നയാബസാര്‍). സഹോദരങ്ങള്‍: സൈനബ(ആദൂര്‍), നബീസ (നാലത്തടുക്ക), പരേതരായ അബ്ബാസ് ഹാജി, അബ്ദുല്‍ റഹ്‌മാന്‍ ഹാജി.
Post a Comment
0 Comments