ദോഹ: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തിന് ലയണല്‍ മെസിയും സംഘവും ഇന്ന് ബൂട്ടണിയുന്നു. ആദ്യ മത്സരത്തില്‍ സൗദിയോട് ചരിത്രതോല്‍വി ഏറ്റുവാങ്ങിയ അര്‍ജന്റീനയ്ക്ക് കരുത്തരായ മെക്‌സികോയാണ് എതിരാളികള്‍. ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് മത്സരം.
ജീവന്മരണ പോരാട്ടം എന്നുതന്നെ വേണമെങ്കില്‍ പറയാം. ജയത്തില്‍ കുറഞ്ഞതൊന്നും നീലപ്പട ലക്ഷ്യമാക്കുന്നില്ല. ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്താം. തോറ്റാല്‍ നാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ആലോചിക്കാം. സമനില പോലും പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ വിദൂരത്താക്കും. ഗ്രൂപ്പ് സിയില്‍ നിലവില്‍ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ പോളണ്ടും മെക്സിക്കോയും ഒരു പോയിന്റുമായി അടുത്ത സ്ഥാനങ്ങളിലുണ്ട്. മൂന്നും ടീമിനും പിറകില്‍ ഏറ്റവും ഒടുവിലാണ് അര്‍ജന്റീനയുള്ളത്.
ആരാധകരെ മാത്രമല്ല, ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരെ മുഴുവന്‍ ഞെട്ടിപ്പിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച സൗദി അറേബ്യ നിലവില്‍ ലോകത്തെ ഏറ്റവും കരുത്തരടങ്ങുന്ന അര്‍ജന്റീന സംഘത്തെ തോല്‍പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സൗദി വിജയം. സാലിഹ് അല്‍ഷഹരിയുടെയും സാലിം അദ്ദൗസരിയുടെയും മികച്ച ഗോളുകളും ഗോള്‍കീപ്പര്‍ മുഹമ്മദ് ഉവൈസിന്റെ ഹീറോയിസവുമാണ് സൗദിയെ വിജയത്തിലേക്ക് നയിച്ചതെങ്കില്‍, ഫ്രീകിക്കില്‍ മെസ്സി നേടിയ ഗോളില്‍ മാത്രമായിരുന്നു അര്‍ജന്റീനയ്ക്ക് ആശ്വസിക്കാനായത്.
Post a Comment
0 Comments