കാസര്‍കോട് (www.evisionnews.in): കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല നിലപാടുകള്‍ക്കെതിരേ യു.ഡി.എഫ് മുന്നണിയില്‍ കടുത്ത വിമര്‍ശനമുയരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും സുധാകരനെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.
ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കാന്‍ ആളെ വിട്ടുനല്‍കിയെന്ന പരാമര്‍ശത്തിനു പിന്നാലെ നെഹ്റുവും വര്‍ഗീയ ഫാഷിസ്റ്റുകളോട് സന്ധി ചെയ്തെന്ന കഴിഞ്ഞ ദിവസത്തെ പ്രസംഗം കൂടി പുറത്തുവന്നതോടെ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ പരസ്യമായി രംഗത്തുവന്നു. കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശം യുഡിഎഫിനെ ഒന്നാകെ ബാധിക്കുന്ന തരത്തില്‍ ഗൗരവമുള്ളതാണെന്നും അത് കൊണ്ടുതന്നെ ഇതിനെ ആരും ന്യായീകരിക്കുന്നില്ലെന്നും വിഡി സതീഷന്‍ പറഞ്ഞു. തുടരെ തുടരെ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെങ്ങിനെയെന്ന് അന്വേഷിക്കും. നെഹ്റുവിയന്‍ നയങ്ങളില്‍ അടിയുറച്ച് മുന്നോട്ട് പോകുമെന്നാണ് ശിന്തിന്‍ ശിവറില്‍ പാര്‍ട്ടി കൈക്കൊണ്ട തിരുമാനം. അതിനെതിരെ ആര് നിന്നാലും അത് അംഗീകരിക്കാന്‍ കഴിയില്ലന്നും വിഡി സതീശന്‍ പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളും എതിര്‍പ്പുയര്‍ത്തുന്നുണ്ട്. ഡോ. എംകെ മുനീറിനെ കൂടാതെ സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും കെ. സുധാകരനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. സുധാകരന്റെ ജില്ലയായ കണ്ണൂരിലെ മുസ്ലിം ലീഗ് നേതൃത്വവും സുധാകരനെതിരെ തിരിഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരിയും പരസ്യ പ്രതികരണവുമായി രംഗത്തെത്തി. നേരത്തെ സുധാകരനോട് മൃദുസമീപനം പുലര്‍ത്തിയ പികെ കുഞ്ഞാലിക്കുട്ടിയും സുധാകരന്റെ ഇന്നത്തെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ദേശീയതലത്തില്‍ പോലും കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് പ്രതീക്ഷയില്ലാത്ത വിധം സംഘപരിവാരം രാജ്യത്തെ കൈയടക്കിവെക്കുമ്പോള്‍ സുധാകരനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ആര്‍എസ്എസ് അനുകൂല നിലപാട് തുടര്‍ച്ചയായി സ്വീകരിക്കുന്നത് ദുരൂഹമാണെന്നാണ് ലീഗ് വിലയിരുത്തല്‍. സുധാകരനില്‍ നിന്ന് നേരത്തെയും പല തവണ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശങ്ങള്‍ വന്നിരുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ ബിജെപിയിലേക്ക് പോകാന്‍ തോന്നിയാല്‍ ഞാന്‍ പോകുമെന്നും അതിന് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കെ സുധാകരന്‍ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. ഇടതുപക്ഷമാകട്ടെ ഇതിനെ രാഷ്ട്രീയമായി ഉപയോഗിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും മുതിര്‍ന്ന നേതാക്കളും വരെ ബിജെപിയിലേക്ക് ചേക്കേറുന്നതിനിടെയാണ് സുധാകരന്റെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.
#udf-ks-iuml#k_sudhakaran
Post a Comment
0 Comments