ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് യു.ഡി.എഫ്; ആലപ്പുഴയില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ച് ബി.ജെ.പി
12:07:00
0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പു ഫലം വന്നുതുടങ്ങി. 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് നേട്ടം കൊയ്തിരിക്കുകയാണ്. യുഡിഎഫ് 13, എല്‍ഡിഎഫ് 11, ബിജെപി 4, മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.
എറണാകുളം
കീരപ്പാറ പഞ്ചായത്തില്‍ ഇടതിന് ഭരണം നഷ്ടമായി. ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സാന്റി ജോസ് വിജയിച്ചു. എല്‍ഡിഎഫില്‍ നിന്നും സീറ്റ് പിടിച്ചെടുത്ത യുഡിഎഫ് 41 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പതിമൂന്നംഗ ഭരണസമിതിയില്‍ ആറ് വീതം അംഗങ്ങളാണ് ഇരു മുന്നണികള്‍ക്കും ഉണ്ടായിരുന്നത്. യുഡിഎഫ് വിജയിച്ചതോടെ എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും.
എറണാകുളം പറവൂര്‍ നഗരസഭയില്‍ വാണിയക്കാട് ഡിവിഷന്‍ സിപിഎം സ്ഥാനാര്‍ത്ഥി നിമിഷ ജിനേഷ് 160 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപിയുടെ സീറ്റ് സിപിഎം പിടിച്ചെടുക്കുകയായിരുന്നു. പൂതൃക്ക പഞ്ചായത്ത് പതിനാലാം വാര്‍ഡ് യു.ഡിഎഫ് മോന്‍സി പോള്‍ 135 വോട്ടുകള്‍ക്ക് വിജയിച്ചു. സിറ്റിംഗ് സീറ്റ് യുഡിഎഫ് നിലനിര്‍ത്തി.
ഇടുക്കി
ഇടുക്കി ശാന്തന്‍പാറ തൊട്ടിക്കാനം വാര്‍ഡില്‍ സിപിഎം അംഗം ഇകെ ഷാബു 253 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റില്‍, പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.ജെ ഷൈന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
കഞ്ഞിക്കുഴി പൊന്നെടുത്താന്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാത്ഥി പിബി ദിനമണി 92 വോട്ടിന് വിജയിച്ചു. യുഡിഎഫില്‍ നിന്നാണ് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തത്.
കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ഡി പ്രദീപ് കുമാര്‍ 65 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
മലപ്പുറം
മലപ്പുറം നഗരസഭ കൈനോട് വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി സി ഷിജു 12 വോട്ടിനു ജയിച്ചു. കഴിഞ്ഞ തവണ 362 ആയിരുന്നു വാര്‍ഡിലെ എഷഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം.
തൃശൂര്‍
തൃശൂര്‍ വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍ സെന്ററില്‍ യുഡിഎഫിന് വിജയം. സിപിഎം സിറ്റിങ് സീറ്റായിരുന്ന മിണാലൂര്‍ സെന്റര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.എം. ഉദയപാലന്‍ 110 വോട്ടിന് വിജയിച്ചു. സിപിഎം കൗണ്‍സിലര്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 41 അംഗ നഗരസഭ കൗണ്‍സിലില്‍ എല്‍ഡിഎഫ് 23 , യുഡിഎഫ് 17 , ബിജെപി ഒന്ന് എന്നിങ്ങനെ സീറ്റ് നില.
കോഴിക്കോട്
തുറയൂര്‍ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 383 വോട്ടുകള്‍ക്ക് സിഎ നൗഷാദ് വിജയിച്ചു. മേലടി ബ്ലോക്ക് കീഴരിയൂര്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. 102 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി രവീന്ദ്രന്‍ വിജയിച്ചു.
കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. 276 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി റസീന പൂക്കോട്ട് ജയിച്ചു. മണിയൂര്‍ പഞ്ചായത്ത് മണിയൂര്‍ നോര്‍ത്ത് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിലെ എ ശശിധരന്‍ 340 വോട്ടുകള്‍ക്ക് വിജയിച്ചു.
തിരുവനന്തപുരം
തിരുവനന്തപുരത്ത് പഴയകുന്നുമ്മല്‍ പഞ്ചായത്തില്‍ മഞ്ഞപ്പാറ വാര്‍ഡില്‍ യുഡിഎഫിന് വിജയം. യുഡിഎഫിലെ എം ജെ ഷൈജ 45 വോട്ടിനു ജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.
പാലക്കാട്
പുതൂര്‍ പഞ്ചായത്തിലെ കുളപ്പടിക വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വഞ്ചി കക്കി 32 വോട്ടിന് വിജയിച്ചു.
കൊല്ലം
കൊല്ലം പൂതക്കുളം പഞ്ചായത്ത് കോട്ടുവന്‍കോണം വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 123 വോട്ടിന് എസ്.ഗീത വിജയിച്ചു.
ആലപ്പുഴ
കാര്‍ത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റില്‍ ബിജെപി ജയിച്ചു
എഴുപുന്ന പഞ്ചായത്ത് നാലാം വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. സിപിഎമ്മിന്റ കെപി സ്മിനീഷ് 65 വോട്ടിന് ജയിച്ചു.
വയനാട്
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ചിത്രമൂലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി റഷീദ് കമ്മിച്ചാല്‍ 208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.
Post a Comment
0 Comments