കാസര്‍കോട്: വന്‍തുക വാര്‍ഷിക റിട്ടേണ്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കാസര്‍കോട് സ്വദേശിയുടെ എട്ടു അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കുണ്ടംകുഴി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. വിനോദ് കുമാര്‍ മാനേജിംഗ് ഡയറക്ടറായ ജിജിബി കമ്പനിക്കെതിരെ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചത്.
ഒരു വര്‍ഷത്തിനുള്ളില്‍ പണം ഇരട്ടിയാക്കുമെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍ ബിഗ്പ്ലസ് ഫിന്‍ ട്രേഡിംഗില്‍ വിവിധ നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് നിക്ഷേപമായി സ്വീകരിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള നിക്ഷേപകരെ വന്‍പലിശ മോഹിപ്പിച്ചാണ് ഈസ്ഥാപനത്തിന്റെ ഏജന്റുമാര്‍ നിക്ഷേപം സ്വീകരിച്ചത്. കരിവെള്ളൂര്‍ പെരളം പഞ്ചായത്തില്‍ നിന്ന് മാത്രം ഈ തട്ടിപ്പു കമ്പനിയിലേക്ക് 50 കോടി രൂപയോളം രൂപയുടെ നിക്ഷേപങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അധ്യാപകരടക്കം സര്‍ക്കാറില്‍ നിന്ന് കിട്ടിയ പണം പലിശ മോഹിച്ച് ജിബിജിയില്‍ നിക്ഷേപിച്ചത് ഈ തട്ടിപ്പു കമ്പനിയുടെ ഇടത്തട്ടുകാരായ ഏജന്റുമാര്‍ മുഖാന്തിരമാണ്. കരിവെള്ളൂര്‍ ആണൂരില്‍ ഒരു യുവതിയാണ് ജിബിജി തട്ടിപ്പുകമ്പനിയുടെ ഏജന്റ്. ഈയുവതി വഴി മാത്രം 25 കോടി രൂപയോളം ജിബിജി കമ്പനിയിലെത്തി. ഏകദേശം 800 കോടി രൂപ സമാഹരിച്ചതായി കമ്പനിയെ നിരീക്ഷിക്കുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറയുന്നു.
Post a Comment
0 Comments