ദോഹ: വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങിന്റെ ആവേശക്കൊടുമുടിയില്‍ ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിന്റെ തോല്‍വി ലോകകപ്പിലെ പുതിയ ചരിത്രമായി. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇരട്ടഗോളുകളുമായി മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയുടെ മികവില്‍ ആതിഥേയര്‍ക്കെതിരെ ഇക്വഡോറിനാണ് തകര്‍പ്പന്‍ വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഇക്വഡോര്‍ ഖത്തറിനെ വീഴ്ത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലന്‍സിയയുടെ ഗോളുകള്‍. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ത്തന്നെ വിവാദപരമായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ച ഗോള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ഇക്വഡോര്‍ നായകന് ആദ്യ പകുതിയില്‍ത്തന്നെ ഹാട്രിക് തികയ്ക്കാനും അവസരമുണ്ടായിരുന്നു. വിജയത്തോടെ ഗ്രൂപ്പ് എയില്‍ ഇക്വഡോറിന് മൂന്നു പോയിന്റായി.
ആദ്യപകുതിയിലെ ചിതറിയ കളിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ ആതിഥേയര്‍ കുറച്ചുകൂടി ഒത്തിണക്കം കാട്ടിയെങ്കിലും, ഗോള്‍സ്പര്‍ശമുള്ള നീക്കങ്ങളൊന്നും സൃഷ്ടിക്കാനാകാതെ പോയതോടെ ആദ്യപകുതിയില്‍ വഴങ്ങിയ രണ്ടു ഗോളുകള്‍ മത്സരഫലം നിര്‍ണയിച്ചു. ആവേശഭരിതമായ മത്സരത്തില്‍ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ആധിപത്യം സ്ഥാപിച്ചാണ് ഇക്വഡോര്‍ വിജയം പിടിച്ചത്.
Post a Comment
0 Comments