തിരുവനന്തപുരം: കേരള പൊലീസില്‍ വന്‍ അഴിച്ചുപണി. പുതിയതായി ഐപിഎസ് ലഭിച്ച എസ്പിമാര്‍ക്ക് നിയമനം നല്‍കിയാണ് എസ്പി തലത്തില്‍ വ്യാപക അഴിച്ചുപണി നടത്തിയിരിക്കുന്നത്. 30 ഐപിഎസുകാരെ സ്ഥലം മാറ്റി. അതേസമയം, തിരുവനന്തപുരം കോര്‍പറേഷനിലെ കത്തു വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ.ഇ ബൈജുവിനെ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ്പിയായി സ്ഥലം മാറ്റി. റെജി ജേക്കബിനാണ് പകരം നിയമനം.
കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലെ കമ്മിഷണര്‍മാരെ മാറ്റി. കണ്ണൂരില്‍ അജിത് കുമാറും തൃശൂരില്‍ അങ്കിത് അശോകനും പുതിയ കമ്മിഷണര്‍മാരാകും. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി ചൈത്ര തെരേസാ ജോണിനെയും കണ്ണൂര്‍ റൂറല്‍ എസ്.പിയായി ആര്‍. മഹേഷിനെയും കൊല്ലം റൂറല്‍ എസ്.പിയായി എം.എല്‍.സുനിലിനെയും നിയമിച്ചു.
കണ്ണൂര്‍ കമ്മിഷണറായിരുന്ന ആര്‍.ഇളങ്കോയെ പൊലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ എം.ഡിയായും ആലപ്പുഴ എസ്.പിയായിരുന്ന ജി.ജയദേവിനെ ഭീകരവിരുദ്ധസേന എസ്.പിയുമായാണ് മാറ്റിയത്. വി. അജിത്താണ് പുതിയ തിരുവനന്തപുരം ഡി.സി.പി.