മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനിയേയും കുടുംബത്തേയും സംബന്ധിച്ച് യൂത്ത് ലീഗ് നേതാവ് നടത്തിയ പരാമര്‍ശം വിവാദം. അബ്ദുല്‍ നാസര്‍ മഅ്ദനിയ്ക്കും ഭാര്യ സൂഫിയയ്ക്കുമെതിരെയാണ് മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു രംഗത്തുവന്നത്. 'ബംഗളുരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം, കരിമ്പൂച്ചയില്ല ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയെന്നും ഫൈസല്‍ ബാബു പറഞ്ഞു. മലപ്പുറം ചെമ്മാട് വച്ച് നടന്ന മുസ്ലിം ലീഗ് പൊതുസമ്മേളനത്തിലായിരുന്നു ഇത്തരത്തിലൊരു പരാമര്‍ശം.
സൂഫിയ മഅ്ദനി ലീഗിനെ തോല്‍പ്പിക്കാന്‍ കൈരളി ചാനലിലെ ടോക് ഷോയ്ക്ക് നിന്നുകൊടുത്തുവെന്നും തന്റെ ഭര്‍ത്താവിന്റെ ദുര്യോഗത്തെ ലീഗിനെ ഫിനിഷ് ചെയ്യാന്‍ ഉപയോഗിക്കാമോ എന്നാണ് സഹധര്‍മ്മിണി പോലും ചിന്തിച്ചതെന്നും ഫൈസല്‍ ബാബു പ്രസംഗത്തില്‍ ആരോപിച്ചു.
ഫൈസല്‍ ബാബുവിന്റെ നടപടി മുസ്ലിം ലീഗിന്റെ നിലപാടാണോ എന്ന് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് തിക്കോടി ആവശ്യപ്പെട്ടു. രോഗിയായ പിതാവിനെ പോലും കാണാന്‍ അനുമതിയില്ലാതെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ഗുരുതരമായ രോഗങ്ങളാല്‍ ക്ലേശപ്പെട്ട് കഴിയുന്നയാളോടുള്ള പരിഹാസം സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും വാര്‍ത്താകുറിപ്പില്‍ അദ്ദേഹം വിമര്‍ശിച്ചു.
Post a Comment
0 Comments