കാസര്‍കോട്: സമസ്ത കേരള ജംഇയത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവിയുടെ മരുമകന്‍ മൊഗ്രാല്‍ കടവത്തെ യു.കെ മൊയ്തീന്‍കുട്ടി മൗലവി (58) നിര്യാതനായി. കുറച്ചുമാസങ്ങളായി വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കണ്ണൂര്‍ ഇരിട്ടി നുച്ചിയാട് സ്വദേശിയായ യു.കെ.എം കുട്ടി മൗലവി, തന്റെ ഉസ്താദായ യു.എം അബ്ദുല്‍ റഹ്‌മാന്‍ മൗലവിയുടെ മകളെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് മൊഗ്രാലില്‍ സ്ഥിരതാമസമാക്കിയത്. അറബി ഭാഷയിലും പ്രാവീണ്യം നേടിയിരുന്ന യു.കെ ഉസ്താദ് കാസര്‍കോട്്- കണ്ണൂര്‍ ജില്ലകളിലായി പയ്യന്നൂര്‍, ഒളവറ, കുഞ്ചത്തൂര്‍, മണ്ണംകുഴി, അഡ്യാര്‍ കണ്ണൂര്‍, മൊഗ്രാല്‍ ടൗണ്‍ ഷാഫി മസ്ജിദ് തുടങ്ങിയ പള്ളികളില്‍ ഖത്വീബായും വിവിധ മദ്രസകളില്‍ സദര്‍ മുഅല്ലിമായും സേവനം ചെയ്തിട്ടുണ്ട്. കുറച്ചുകാലം പ്രവാസ ജീവിതവും നയിച്ചിട്ടുണ്ട്. മൊഗ്രാല്‍ കടവത്ത് മജ്‌ലിസുന്നൂര്‍ കമ്മിറ്റി പ്രസിഡന്റാണ്.
യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവിയുടെ മകള്‍ ഖദീജാബിയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് സാഹിദ്, മുഹമ്മദ് ഷാക്കിര്‍, ജുനൈദ് (മൂവരും ദുബൈ), ഹാഫിള് ആഷിഖ് അബ്ദുല്‍ റഹ്‌മാന്‍, ഹാഫിള് മുഹമ്മദ് ആരിഫ്, മൊയ്‌നുദ്ദീന്‍, മുഹമ്മദ് ഷുഹൈല്‍, തബ്ഷീറ. സഹോദരങ്ങള്‍: കുഞ്ഞിപ്പോക്കര്‍, ബഷീര്‍ സഅദി, നഫീസ, കുഞ്ഞാമി, മറിയം, ഖദീജ, കുഞ്ഞലീമ. മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. മൊഗ്രാല്‍ കടവത്ത് മജ്‌ലിസുന്നൂര്‍ കമ്മിറ്റി, അല്‍ മദ്രസത്തുല്‍ ആലിയ മൊഗ്രാല്‍ കടവത്ത് കമ്മിറ്റി അനുശോചിച്ചു.
Post a Comment
0 Comments