ഖത്തര്‍: മിശിഹായെന്ന് ഫുട്ബോള്‍ ആരാധകര്‍ വിശേഷിപ്പിക്കുന്ന ലയണല്‍ മെസിയിലൂടെ അര്‍ജന്റീനയുടെ തകര്‍പ്പന്‍ ജയംപ്രതീക്ഷിച്ച മത്സരത്തില്‍ സൗദിക്ക് മുന്നില്‍ അടിപതറിയപ്പോഴും ആ ഗോളിന് മികവേറെ. മത്സരം ആരംഭിച്ച് 10-ാം മിനിട്ടിലായിരുന്നു മെസിയുടെ ഗോള്‍. ബോക്സിനുള്ളിലെ ഫൗളിന് ലഭിച്ച പെനാല്‍ട്ടി മെസി അനായാസം വലയിലാക്കി. പോസ്റ്റിന്റെ ഇടതു മൂലയിലേയ്ക്ക് ഡൈവ് ചെയ്ത ഗോളിയെ കാഴ്ചക്കാരനാക്കി മെസിയുടെ ഇടംകാലന്‍ ഷോട്ട് വലത് ഭാഗത്തേയ്ക്ക്. ഈ ഗോളോടെ ലോകകപ്പില്‍ മെസി പുതുചരിത്രമാണ് കുറിച്ചത്.
നാലു ലോകകപ്പുകളില്‍ ഗോളുകള്‍ നേടുന്ന ആദ്യ അര്‍ജന്റീനിയന്‍ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് മെസി സ്വന്തമാക്കിയത്. 2006, 2014, 2018, 2022 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളിലാണ് മെസി സ്‌കോര്‍ ചെയ്തത്. നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന അഞ്ചാമത്തെ താരമായും 35കാരനായ മെസി മാറി. ബ്രസീലിന്റെ പെലെ, ജര്‍മനിയുടെ ഉവ് സീലെര്‍, മിറോസ്ലാവ് ക്ലോസെ, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് മെസിയ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
സൗദി അറേബ്യയ്ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നീലപ്പട അടിയറവ് പറഞ്ഞത്. അര്‍ജന്റീനയുടെ ഏക ഗോള്‍ സ്‌കോര്‍ ചെയ്തത് സൂപ്പര്‍ താരം ലയണല്‍ മെസിയായിരുന്നു.
Post a Comment
0 Comments