Type Here to Get Search Results !

Bottom Ad

കേരള പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ കാന്തപുരം വിഭാഗം


കോഴിക്കോട്: കേരള പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഇടതു സര്‍ക്കാരിനെതിരേ കാന്തപുരം സുന്നി വിഭാഗം യുവജന സംഘടനയായ എസ്.വൈ.എസ്. കേരള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ മറവില്‍ ഏതെങ്കിലും രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ തത്വശാസ്ത്രവും നയപരിപാടികളും അടിച്ചേല്‍പ്പിക്കരുതെന്ന് സമസ്ത കേരള സുന്നി യുവജന സംഘം (എസ്വൈഎസ്- കാന്തപുരം വിഭാഗം) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

രാജ്യം എക്കാലവും സൂക്ഷിച്ചുപോന്ന ബഹുസ്വരത, മതസ്വാതന്ത്ര്യം, മൂല്യബോധം തുടങ്ങിയ ആശയങ്ങള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ പരിഗണിക്കേണ്ടതുണ്ട്. അതോടൊപ്പം കേരളീയ സമൂഹം നാളിതുവരെ കരുതലോടെ സമീപിച്ച സൗഹൃദത്തെ സമ്പന്നമാക്കാന്‍ പാഠ്യപദ്ധതി സഹായകമാവണം. ഏതെങ്കിലും മതവിശ്വാസങ്ങളെ വൃണപ്പെടുത്തുന്നതോ അതിനെതിരെയുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ആവരുത്. ചട്ടക്കൂടിന്റെ കരട് നിര്‍ദ്ദേശങ്ങളില്‍ പ്രയോഗിച്ച ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ജെന്‍ഡര്‍ സ്പെക്ട്രം, ലിംഗസമത്വം, ലിംഗാവബോധം, ജെന്‍ഡര്‍ ഓഡിറ്റിംഗ് തുടങ്ങിയ പല പദങ്ങളും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. കൃത്യമായി നിര്‍വചിക്കപ്പെടാത്ത ഇത്തരം പ്രയോഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. ജെന്‍ഡര്‍ സ്പെക്ട്രം, ലിംഗസമത്വം, സ്‌കൂള്‍ സമയമാറ്റം തുടങ്ങിയവ ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ പുനരാലോചന കൂടിയേ തീരൂ.

പരിഷ്‌കരണം സംബന്ധിച്ച് കേരളത്തിലെ വിവിധ മത, രാഷ്ട്രീയ സംഘടനകളുമായി വിശദമായ ചര്‍ച്ചക്ക് സംസ്ഥാന സര്‍ക്കാര്‍ തയാറാവണം. എന്നാല്‍ കേരളീയ വിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിന് ആക്കം കൂട്ടുന്ന ചില നിര്‍ദ്ദേശങ്ങള്‍ ചട്ടക്കൂടിലുണ്ട് എന്നത് സന്തോഷകരമാണ്. ഈ വിഷയത്തില്‍ സമൂഹത്തിന്റെ ആശങ്ക ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും വിശദമായ നിവേദനം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, മുഹമ്മദ് പറവൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റഹ്‌മത്തുല്ല സഖാഫി എളമരം, അബൂബക്കര്‍ പടിക്കല്‍, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ദേവര്‍ഷോല അബ്ദുസ്സലാം മുസ്ല്യാര്‍, എം എം ഇബ്റാഹീം, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ആര്‍ പി ഹുസയ്ന്‍, ഇ കെ മുഹമ്മദ് കോയ സഖാഫി, വി പി എം ബശീര്‍ പറവന്നൂര്‍, സ്വിദ്ദീഖ് സഖാഫി നേമം, ബശീര്‍ പുളിക്കൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad