കണ്ണൂര്‍: ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് വൈദ്യരുപീടികയില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കെട്ടിയ പോര്‍ച്ചുഗലിന്റെ പതാക എസ്.ഡി.പി.ഐയുടേതെന്ന് കരുതി കീറിയ ബിജെപി പ്രവര്‍ത്തകനെ അക്രമിച്ചതായി വ്യാജപ്രചാരണം. കണ്ണൂര്‍ വൈദ്യരുപീടികയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
പതാക കെട്ടിയ രാത്രി തന്നെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ എലങ്കോട്ടെ ദീപക് എന്നയാള്‍ നശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊതുശല്യം ഉണ്ടാക്കിയതിന് പാനൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
പതാക വലിച്ചുകീറുന്ന വീഡിയോ പ്രചരിച്ചതിനു പിന്നാലെ പോര്‍ച്ചുഗല്‍ ആരാധകര്‍ എത്തി ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ എസ്.ഡി.പിഐ പതാക കീറിയതിന് നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത് എന്നായിരുന്നു ദീപകിന്റെ പ്രതികരണം.
ഇതിനു പിന്നാലെയാണ് പോര്‍ച്ചുഗല്‍ ഫാന്‍സുകാര്‍ ക്രൂരമായി മര്‍ദിച്ചതായും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്ത പ്രചരിക്കുന്നത്. മര്‍ദനമേറ്റ് ചോരയൊലിപ്പിച്ച് തലയില്‍ തുന്നിക്കെട്ടി ആശുപത്രി കട്ടിലില്‍ ഇരിക്കുന്ന ഫോട്ടോ സഹിതമാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചത്.
എന്നാല്‍ പാനൂര്‍ ഭാഗത്ത് നിന്ന് മര്‍ദനമേറ്റ പരിക്കുകളോടെ ആരെയും പ്രവേശിപ്പിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പതാക കീറിയതിന് കേസെടുത്തതല്ലാതെ മര്‍ദനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പൊലീസും പറയുന്നു. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ഇയാളുടേതല്ലെന്നും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Post a Comment
0 Comments