തിരുവനന്തപുരം: കോര്‍പറേഷനിലെ ഒഴിവ് വന്ന താല്‍ക്കാലിക നിയമനങ്ങളിലേക്ക് പാര്‍ട്ടിക്കാനെ നിയമിക്കാനായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ കത്ത് നല്‍കിയ സംഭവത്തില്‍ നഗരസഭയില്‍ കൈയ്യാങ്കളി. ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വനിത കൗണ്‍സിര്‍മാര്‍ തമ്മിലാണ് കൈയ്യാങ്കളി നടന്നത്. സംഘര്‍ഷം രൂക്ഷമായതോടെ സ്ഥലത്തേക്ക് പോലീസ് എത്തിയിട്ടുണ്ട്. ബിജെപി കൗണ്‍സിലര്‍മാര്‍ ഡെപ്യൂട്ടി മേയറെ പൂട്ടിയിട്ടുവെന്നും സിപിഎം കൗണ്‍സിലര്‍മാര്‍ ബിജെപി കൗണ്‍സിലര്‍മാരെ പൂട്ടിയിട്ടുവെന്നും ഇരുവരും ആരോപിച്ചു.
പ്രതിഷേധിച്ച ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, അറസ്റ്റ് വരിക്കില്ലെന്നാണ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമായതോടെ കൂടുതല്‍ പോലീസ് സേനയെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന കത്ത് വ്യാജമാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മേയര്‍ ആര്യ പരാതി നല്‍കിയിരുന്നു.നിയമനത്തിന് കത്ത് നല്‍കുന്ന രീതി സിപിഎമ്മിനില്ല. പുറത്തുവന്ന കത്തില്‍ ചില സംശയങ്ങള്‍ തനിക്കുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഓഫീസിനെ സംശയിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു.
Post a Comment
0 Comments