കാസര്‍കോട്: സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) കൊലപാതക കേസില്‍ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അസ്ഫാന്‍ (26) ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന അസ്ഫാനെ നാട്ടില്‍ വരുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ സമാനകേസില്‍ പ്രതിയാണ് അസ്ഫാനെന്ന് പൊലീസ് പറഞ്ഞു.
ജൂണ്‍ 26നാണ് അബൂബകര്‍ സിദ്ദീഖിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കുന്നത്. തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്നും പൊലീസ് പറയുന്നു. സിദ്ദീഖിന്റെ ജ്യേഷ്ഠന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചതായും കേസ് നിലവിലുണ്ട്.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ അസീസ് (36), അബ്ദുര്‍ റഹീം (41), റിയാസ് ഹസന്‍ (33), അബ്ദുര്‍ റസാഖ് (46), അബൂബകര്‍ സിദ്ദീഖ് (33) എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാല്‍ കേസില്‍ മുഖ്യപ്രതികളായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ വിദേശത്തേക്ക് കടന്നാല്‍ പൊലീസിന് ഇതുവരെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ല. അതിനിടയിലാണ് അസ്ഫാന്‍ പിടിയിലായത്.
Post a Comment
0 Comments