കാഞ്ഞങ്ങാട് (www.evisionnews.in): കാസർകോട്ട് എയിംസ് ആവശ്യം കൂടുതൽ ശക്തമാക്കി എയിംസ് കാസർകോട് ജനകീയ കൂട്ടായ്‌മ. ഡെൽഹിയിലെത്തി പ്രധാനമന്ത്രി അടക്കമുള്ളവരെ കാണാനാണ് തീരുമാനം. എയിംസ് പ്രൊപോസലിൽ കാസർകോട് ജില്ലയുടെ പേര് ഉൾപെടുത്തുന്നതിന് സംസ്ഥാന സർകാർ വിമുഖത കാട്ടുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഡെൽഹിയിൽ ഈ മാസം തന്നെ സന്ദർശനാനുമതി പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് കൂട്ടായ്മ. പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിയെയും കാണാനാണ് നാലംഗ സംഘം പുറപ്പെടുന്നത്.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കാസർകോട് ജില്ലാ കമിറ്റിയുടെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്. എയിംസിന് വേണ്ടിയുള്ള ഡെൽഹി യാത്രയിൽ ആവശ്യമായ സഹായങ്ങൾ കാസർകോട് എംപിയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കൂട്ടായ്‌മ ഭാരവാഹികൾ അറിയിച്ചു. കൂടാതെ സുപ്രീം കോടതിയിൽ നിലവിലുള്ള എൻഡോസൾഫാൻ കേസിൽ സൂപർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ടിയുള്ള കേസിന്റെ ഭാഗമാവുന്നതിന് വേണ്ടി പുതിയ ഹർജിയും സംഘം സമർപിക്കും. ഇതിന് ആവശ്യമായ വക്കാലത്ത് ഒപ്പിടുന്നതിന് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും.
ഡെൽഹി യാത്രയുടെ മുന്നോടിയായി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാന്തോപ്പ് മൈതാനിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ 313-ാം ദിനത്തിൽ ഒരാഴ്ച നീളുന്ന ഒരു ലക്ഷം പോസ്റ്റ് കാർഡ് കാംപയിൻ നവംബർ 21 മുതൽ 28 വരെ നടത്തും. വിവിധ സ്കൂൾ, പ്രഫഷണൽ കോളജുകൾ കേന്ദ്രീകരിച്ചാണ് കാംപയിൻ നടത്തുക. ഇതിന്റെ ഉദ്ഘാടനം നവംബർ 21ന് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടക്കും. കേന്ദ്ര ഹജ്ജ് കമിറ്റി ചെയർമാൻ എപി അബ്ദുല്ലക്കുട്ടി പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ച് കാംപയിൻ ഉദ്‌ഘാടനം ചെയ്യും. പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നാസർ ചെർക്കളം, അഹ്‌മദ് കിർമാണി, നാസർ പികെ ചാലിങ്കാൽ എന്നിവർ സംബന്ധിച്ചു.
Post a Comment
0 Comments