തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കള്ള് കേരളത്തിലുള്ള ഒരു പാനീയമാണ്. മയക്കുമരുന്നിനേയും കള്ളിനേയും രണ്ടും രണ്ടായി കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കെതിരെ തിരുവനന്തപുരത്തെ ഔദ്യോഗിക വീട്ടില്‍ ദീപം തെളിയിച്ച ശേഷമായിരുന്നു പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായാണ് ഇന്ന് സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയിക്കണമെന്ന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തത്.
മയക്കു മരുന്നിനെതിരെയുള്ള ക്യാമ്പയിന്റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് അവസാനിക്കും. അതേസമയം, സംസ്ഥാനത്ത് പഴങ്ങള്‍, ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മദ്യം നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ചട്ടം കഴിഞ്ഞ ദിവസം നിലവില്‍ വന്നിരുന്നു.
കേരളാ സ്മോള്‍ സ്‌കേല്‍ വൈനറി റൂള്‍സ് ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികള്‍ ഉള്‍പ്പെടുത്തി അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളില്‍ നിന്നും ധാന്യങ്ങളൊഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കാം. പ്രാദേശികമായി ലഭിക്കുന്ന കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് മദ്യം നിര്‍മ്മിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞിരുന്നു.
Post a Comment
0 Comments