Type Here to Get Search Results !

Bottom Ad

മൈസൂറിനും ബെംഗ്ളൂറിനും ഇടയിൽ സർവീസ് നടത്തുന്ന ടിപ്പു എക്‌സ്‌പ്രസ് ട്രെയിനിന്റെ പേര് മാറ്റി; ഇനി 'വോഡയാർ എക്‌സ്പ്രസ്'


മംഗ്ളുറു (www.evisionnews.in): മൈസൂറിനും ബെംഗ്ളൂറിനും ഇടയിൽ സർവീസ് നടത്തുന്ന ടിപ്പു എക്‌സ്‌പ്രസിന്റെ പേര് വോഡയാർ എക്‌സ്‌പ്രസ് എന്ന് പുനർനാമകരണം ചെയ്‌ത് റെയിൽവേ ഉത്തരവിറക്കി. മൈസുറു എംപി പ്രതാപ് സിംഹ ഏതാനും മാസം മുമ്പ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുകയും വെള്ളിയാഴ്ച റെയിൽവേ ബോർഡ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുകയും ട്രെയിനിന്റെ പേരുമാറ്റാനുള്ള ഉത്തരവ് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു.

അതുപോലെ മൈസൂറിൽ നിന്ന് തലഗുപ്പയിലേക്കുള്ള എക്‌സ്പ്രസ് സർവീസിന് കവി കുവെമ്പുവിന്റെ പേര് നൽകി. 1980-ൽ ആരംഭിച്ച ടിപ്പു എക്സ്പ്രസ് മൈസൂറിനെയും ബെംഗ്ളുറിനെയും ബന്ധിപ്പിക്കുന്ന സൂപർഫാസ്റ്റ് ട്രെയിനാണ്. സിംഗിൾ-ലൈൻ മീറ്റർ ഗേജ് ട്രാകിൽ മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം കൊണ്ട് ട്രെയിൻ 139 കിലോമീറ്റർ ദൂരം പിന്നിടുന്നു.

മുൻ മൈസുറു രാജ്യത്തിന്റെ ഹിന്ദു ഭരണാധികാരികളാണ് വോഡയാർ. ബ്രിടീഷുകാരോട് പോരാടി മരിച്ച ശ്രീരംഗപട്ടണത്തിലെ മുസ്ലീം ഭരണാധികാരിയാണ് ടിപ്പു സുൽത്വാൻ. മുസ്ലീം രാജാവിന്റെ പേര് മാറ്റി ഹിന്ദു രാജവംശത്തിന്റെ പേര് നൽകാനുള്ള നീക്കം ഭരണകക്ഷിയായ ബിജെപിയുടെ കാവിവൽക്കരണ അജൻഡയുടെ ഭാഗമാണെന്ന് ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും, റെയിൽവേ മന്ത്രിക്ക് നൽകിയ അപേക്ഷയിൽ, വോഡയാർമാർ തങ്ങളുടെ മണ്ഡലത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾക്ക് വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്ന് എംപി ന്യായീകരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad