അഹമ്മദാബാദ് (www.evisionnews.in): നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ വ്യാപക പ്രചാരണത്തിന് ബിജെപി. ഗൗരവ് യാത്ര എന്ന പേരില്‍ 5 യാത്രകളാണ് സംഘടിപ്പിക്കുന്നത്. 2002ലാണ് ആദ്യമായി ബിജെപി ഗൗരവ് യാത്ര സംഘടിപ്പിച്ചത്. 2017ലും യാത്രയുണ്ടായിരുന്നു.
ഗോത്രവിഭാഗം വോട്ടുകള്‍ ലക്ഷ്യം വച്ചാണ് യാത്ര. പട്ടിദാര്‍ സമുദായം ബിജെപിക്കെതിരെ നില്‍ക്കുന്ന സാഹചര്യത്തില്‍ വന്‍ പ്രചാരണത്തോടെയാണ് യാത്ര. ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് ബിജെപിക്ക് കനത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടിയിലേക്ക് പോയേക്കുമെന്ന ആശങ്കയിലാണു ബിജെപി. ഗുജറാത്തില്‍ അപ്രത്യക്ഷമായ കോണ്‍ഗ്രസ് ബിജെപിയെ തുരത്താന്‍ എഎപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.
പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടങ്ങിയവരെല്ലാം യാത്രയുടെ ഭാഗമാകും. 10 ദിവസം കൊണ്ട് 144 മണ്ഡലങ്ങളിലാണ് ബിജെപി പ്രചാരണം. 5,734 കിലോമീറ്റര്‍ യാത്രയില്‍ 145 യോഗങ്ങളാണ് സംഘടിപ്പിക്കുക. 182 മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്. ഉനായ് മുതല്‍ അംബാജി വരെ നീളുന്ന 490 കിലോമീറ്റര്‍ റൂട്ടില്‍ ഗോത്രവിഭാഗക്കരാണ് കൂടുതല്‍.
2017ലെ തിരഞ്ഞെടുപ്പില്‍ 27 സീറ്റുകളാണ് എസ്ടി വിഭാഗത്തിനായി മാറ്റിവച്ചത്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടി രണ്ട് സീറ്റുകളില്‍ വിജയിച്ചു. ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് മോദിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് ആദ്യമായി 2002ല്‍ ഗൗരവ് യാത്ര സംഘടിപ്പിച്ചത്. 127 സീറ്റില്‍ അന്ന് ബിജെപി ജയിച്ചു. 2017ല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി യാത്ര സംഘടിപ്പിച്ചെങ്കിലും 99 സീറ്റ് മാത്രമേ നേടാനായുള്ളൂ.
തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് നേടിയ 149 സീറ്റ് എന്ന റെക്കോര്‍ഡ് മറികടക്കുകയാണ് ഇത്തവണത്തെ ലക്ഷ്യം. ഗോത്രവിഭാഗത്തില്‍ നിന്നുള്ള വോട്ടുകള്‍ പ്രധാനപ്പെട്ടതാണ്. അതിനാലാണ് ഗോത്രമേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ബെച്രാജിയിലും ദ്വാരകയിലും ജെ.പി.നഡ്ഡ യാത്ര ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, പീയുഷ് ഗോയല്‍, മന്‍സുക് മാണ്ഡവ്യ, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments