കാസര്‍കോട് (www.evisionnews.in): ഇതര സംസ്ഥാന വാഹനങ്ങള്‍ കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇനി മുതല്‍ നികുതി ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. കാസര്‍കോട്ട് വാഹനീയം പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാടിന്റെ മാതൃകയില്‍ ഇതര സംസ്ഥാന വാഹനങ്ങള്‍ കേരളത്തില്‍ പ്രവേശിക്കുമ്പോഴും നികുതി ഈടാക്കും. നികുതി കുറവുള്ള അരുണാചല്‍ പ്രദേശ്, നാഗാലാന്റ് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് ഇവിടെ ഓടിക്കുന്ന കേരളീയര്‍ ഉണ്ട്. അത്തരം വാഹനങ്ങള്‍ക്കെല്ലാം നികുതി കേരളത്തിലടപ്പിക്കാന്‍ ഇവ കണ്ടെത്തി പിടിച്ചെടുക്കാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ആര്‍.ടി ഒ സേവനങ്ങള്‍ ഈ മാസം 21 മുതല്‍ എല്ലാ ചെക്ക്‌പോസ്റ്റുകളിലും ലഭ്യമാകുമെന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. ആര്‍.ടി ഓഫീസില്‍ ലഭിക്കുന്ന അഞ്ച് സേവനങ്ങള്‍ ഇനി മുതല്‍ ചെക്‌പോസ്റ്റിലൂടെ ലഭ്യമാകും. ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും അത്തരം വാഹന ഉടമകള്‍ക്ക് നികുതി, പെര്‍മിറ്റ്, പെര്‍മിറ്റ് എക്‌സറ്റന്‍ഷന്‍, സ്‌പെഷ്യല്‍ പെര്‍മിറ്റ് ഇവയൊക്കെ ഇനി അനായാസം ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെക്‌പോസ്റ്റില്‍ നിന്ന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് നിര്‍ത്തി വെച്ച കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണ്‍ മാറുന്നതോടെ പുനരാരംഭിക്കാനാവും. ആറ് മാസത്തിനുള്ളില്‍ പുതിയ ഇലക്ട്രിക്, ഡീസല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തിലിറങ്ങും. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസുകളുടെ യൂണിഫോം കളര്‍ കോഡ് സംബന്ധിച്ച് പരിശോധനകള്‍ തുടരും. വ്യത്യസ്തമായ നിറത്തില്‍ ഓടുന്ന ബസുകളെ റോഡിലിറങ്ങാന്‍ അനുവദിക്കില്ല. ഈ ബസുകള്‍ പിടിച്ചടുത്ത് നടപടി സ്വീകരിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സംസ്ഥാനത്ത് കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ അനുവദിക്കും. മോട്ടോര്‍ വാഹന വകുപ്പില്‍ ഭൂരിഭാഗം സേവനങ്ങളും ഓണ്‍ലൈനായി കഴിഞ്ഞു. പൊതു ജനങ്ങള്‍ ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സീതാംഗോളിയിലെ ബേള ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം ഈ വര്‍ഷം ഡിസംബറോടെ പ്രവര്‍ത്തനസജ്ജമാക്കുമെന്നും പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്നും ആന്റണി രാജു പറഞ്ഞു. മഞ്ചേശ്വരം ജോയിന്റ് ആര്‍ടിഒ ഓഫീസ് അനുവദിക്കുന്നതിന് ധനകാര്യ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചാല്‍ പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു. വാഹനീയം പരാതി പരിഹാര അദാലത്തില്‍ 203 പരാതികള്‍ പരിഗണിച്ചു. 160 പരാതികള്‍ തീര്‍പ്പാക്കി. വാഹനങ്ങളുടെ ആര്‍.സി യുമായി ബന്ധപ്പെട്ട് 70 ഉം ലൈസന്‍സുമായി ബന്ധപ്പെട്ട് 90 പരാതികളും അദാലത്തില്‍ തീര്‍പ്പാക്കി. പരിഹരിക്കാന്‍ ബാക്കിയുള്ളവ നികുതി അടവ്, പെര്‍മിറ്റ്, വാഹനം പൊളിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണ്. തുടര്‍ യോഗങ്ങളില്‍ പരാതികള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. രാവിലെ 11.30ന് ആരംഭിച്ച അദാലത്ത് ഉച്ചയ്ക്ക് 2.30 വരെ നീണ്ടു.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ വാഹനീയം അദാലത്ത് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എം രാജഗോപാലന്‍, എ കെ എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വിമല ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി എസ് പ്രമോജ് ശങ്കര്‍ സ്വാഗതവും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ (തൃശ്ശൂര്‍ റീജ്യണ്‍) വി ജെയിംസ് നന്ദിയും പറഞ്ഞു.
ജില്ലയില്‍ വാഹനാപകടങ്ങള്‍ കൂടുതലായി സംഭവിക്കുന്നത് ദേശീയപാതയിലും കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡിലും മന്ത്രി പറഞ്ഞു. 70 കിലോമീറ്റര്‍ പരിധിയില്‍ ആണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത്. ഇത് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന റോഡ് ഗതാഗത സുരക്ഷ അതോറിറ്റിയുടെ നവംബര്‍ രണ്ടിന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നപ്രവാസി മലയാളികള്‍ക്ക് കേരളത്തില്‍ എത്തിയാല്‍ ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാരുമായി സംസ്ഥാനം ചര്‍ച്ച നടത്തും.
4.7 ലക്ഷം വാഹനങ്ങളാണ് കാസര്‍കോട് ജില്ലയിലുള്ളത്. ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരാഴ്ചയായി നടത്തിവരുന്ന കര്‍ശന പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു. ഒരാഴ്ചക്കകം 4723 കേസുകളെടുത്തു. 81.8 ലക്ഷം രൂപ പിഴയായി ഈടാക്കി. 8 വാഹനങ്ങളുടെ ആര്‍സിയും 126 ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കി. 298 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കിയതായും മന്ത്രി പറഞ്ഞു.
ലഹരി ഉപയോഗിച്ചും അമിതമായും അശ്രദ്ധയിലും വാഹനങ്ങള്‍ ഓടിച്ച് അപകടം വരുത്തുന്ന ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. ആറുമാസത്തിനകം ലൈസന്‍സ് പുതുക്കി നല്‍കുന്ന പതിവ് തുടരില്ല. ഇതിന് നിബന്ധന കര്‍ശനമാക്കി. എടപ്പാള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ മൂന്ന് ദിവസംപരിശീലനം നേടണം. മൂന്നു ദിവസം അപകട ചികിത്സ നടത്തുന്ന ടോമാ കെയര്‍ സംവിധാനമുള്ള ആസ്പത്രികളില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തണം. ഇങ്ങനെ മനോഭാവത്തില്‍ മാറ്റം വരുത്തുകയും പരിശീലനം നേടുകയും ചെയ്ത ശേഷം മാത്രമേ ലൈസന്‍സ് പുനസ്ഥാപിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
Post a Comment
0 Comments