Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ലോ-കോളജിന് അനുമതി; ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ നിയമപഠന കേന്ദ്രം


മഞ്ചേശ്വരം (www.evisionnews.in): ജില്ലയിലെ ആദ്യത്തെ ലോ- കോളജ് യഥാര്‍ഥ്യമായി. കണ്ണൂര്‍ സര്‍വകലാശാല മഞ്ചേശ്വരം ഓഫ് കാമ്പസില്‍ ഈവര്‍ഷം തന്നെ എല്‍.എല്‍.ബി കോഴ്‌സുകള്‍ ആരംഭിക്കും. ആദ്യഘട്ടം അറുപത് സീറ്റുകളിലേക്കായിരിക്കും പ്രവേശനം നല്‍കുക. എല്‍.എല്‍.എം കോഴ്‌സിനു പിന്നാലെയാണ് എല്‍.എല്‍.ബി കോഴ്‌സിന് കൂടി അനുമതിയായത്.

മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജിന് സമീപം കണ്ണൂര്‍ സര്‍വകലാശാലക്ക് അധീനതയിലുള്ള കെട്ടിടത്തിലായിരിക്കും ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ ലോ- കോളജ് പ്രവര്‍ത്തിക്കുക. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിലവില്‍ ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സിന് അവസരമുള്ളത് മഞ്ചേശ്വരത്ത് മാത്രമാണ്. സമ്പൂര്‍ണ നിയമ പഠന കേന്ദ്രമെന്ന ജില്ലയുടെ ഏറെ കാലത്തെ ആവശ്യമാണ് ഇതോടെ യഥാര്‍ഥ്യമാകുന്നത്.

അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ മംഗളൂരു, സുള്ള്യ എന്നിവിടങ്ങളിലെ കോളജുകളെയായിരുന്നു ജില്ലയിലെ നിയമ വിദ്യാര്‍ഥികള്‍ ആശ്രയിച്ചിരുന്നത്. കോടികള്‍ ചിലവഴിച്ച് സര്‍വകലാശാല നിര്‍മിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യത്തില്‍ അത് ഉപയോഗ പ്രദമാക്കി എല്‍.എല്‍.ബി അടക്കമുള്ള കോഴ്‌സുകള്‍ക്കുള്ള നിയമ പഠന കേന്ദ്രം ഇവിടെ ആരംഭിക്കണമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ നിയമസഭയില്‍ തന്റെ ആദ്യ സബ് മിഷനില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല വി.സി അടക്കമുള്ള ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുകയും വി.സി അടക്കമുള്ളവര്‍ മഞ്ചേശ്വരം കാംപസ് സന്ദര്‍ശിക്കുകയുമുണ്ടായി. ഇതിനു പിന്നാലെ കെട്ടിടത്തിന്റെ അടിസ്ഥാന ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിയോട് കൂടി എം.എല്‍.എ ഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ നേരത്തെ അനുവദിക്കുകയും ചെയ്തു.ബാര്‍ കൗണ്‍സില്‍ അംഗീകാരം ആവശ്യമില്ലാത്ത എല്‍.എല്‍.എം കോഴ്‌സ് അനുവദിച്ചതിനു പിന്നാലെ എല്‍.എല്‍.ബി കോഴ്‌സിനായി എം.എല്‍.എ നിരന്തര ശ്രമം നടത്തി വരികെയാണ് സമ്പൂര്‍ണ നിയമ പഠന കേന്ദ്രമായി മഞ്ചേശ്വരം കാംപസ് മാറിയത്. ഇതോടെ ജില്ലയിലെ ഉന്നത വിദ്യഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റമാകും ഉണ്ടാവുകയെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പ്രതികരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad