കൊല്ലം: ജപ്തി നോട്ടീസ് കണ്ട് മനസു പിടഞ്ഞ മത്സ്യവ്യാപാരിക്ക് നോട്ടീസിന് പിന്നാലെ ഭാഗ്യം. രാവിലെ പ്ലാമൂട്ടില്‍ ചന്തയിലെ ലോട്ടറിക്കടയില്‍നിന്ന്് പൂക്കുഞ്ഞ് ഒരു ടിക്കറ്റെടുത്തു. ഉച്ചയ്ക്കാണ് ജപ്തി നോട്ടീസ് വീട്ടിലെത്തിയത്. വൈകിട്ട് ലോട്ടറി ഫലമറിഞ്ഞപ്പോള്‍ പൂക്കുഞ്ഞു മാത്രമല്ല, നാട്ടുകാരും ഞെട്ടി. സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 70 ലക്ഷം രൂപ പൂക്കുഞ്ഞെടുത്ത അദ 907042 എന്ന ടിക്കറ്റിന്.
മൈനാഗപ്പള്ളിയിലും പരിസരങ്ങളിലും വാഹനത്തില്‍ മീന്‍കച്ചവടം നടത്തുന്ന മൈനാഗപ്പള്ളി ഇടവനശ്ശേരി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞ് എട്ടുവര്‍ഷം മുമ്പ് ആലുംകടവ് കോര്‍പറേഷന്‍ ബാങ്കില്‍നിന്ന് ഭവനവായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഒമ്പതുലക്ഷം രൂപ ബാങ്കില്‍ കുടിശ്ശികയായി. ബുധനാഴ്ച ജപ്തി നോട്ടീസ് ലഭിച്ചു. തൊട്ടുപിന്നാലെയാണ് ഒന്നാംസമ്മാനം ലഭിച്ചതായി അറിയുന്നത്. മുംതാസാണ് ഭാര്യ. വിദ്യാര്‍ഥികളായ മുനീര്‍, മുഹ്‌സിന എന്നിവര്‍ മക്കള്‍.
Post a Comment
0 Comments