കാസര്‍കോട്: മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് കാസര്‍കോട്ട് നല്‍കിയ സ്വീകരണത്തിടെ പോലീസിനെ അക്രമിച്ചുവെന്ന കുറ്റമാരോപിക്കപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി എ.വി ഉണ്ണികൃഷ്ണനാണ് 25 മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്.
അജാനൂര്‍, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലുള്ള ലീഗ് പ്രവര്‍ത്തകരെയാണ് കോടതി വെറുതേ വിട്ടത്. 2009 നവംബര്‍ 15ന് വൈകീട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പരേതനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. അടക്കമുള്ള നേതാക്കള്‍ക്ക് മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തിനിടെയാണ് ഉന്തുംതള്ളുമുണ്ടായത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്നത്തെ കാസര്‍കോട് ജില്ലാ പോലീസ് മേധാവി രാംദാസ് പോത്തന്റെ പരാതിയില്‍ കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 50 പ്രതികളാണ് ഉണ്ടായിരുന്നത്.
ലീഗ് പ്രവര്‍ത്തകര്‍ അന്യായമായി സംഘടിച്ച് വാഹനങ്ങള്‍ക്കും കടകള്‍ക്കും പോലീസിനും നേരെ അക്രമം നടത്തിയെന്നും സംഘത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും പിരിഞ്ഞ് പോകാത്തതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നുവെന്നും നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും കാണിച്ചാണ് എസ്പിരാംദാസ് പോത്തന്‍ പരാതി നല്‍കിയത്. അന്നുണ്ടായ അക്രമ സംഭവങ്ങളില്‍ രണ്ട് ലീഗ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കറന്തക്കാട് വച്ച് ബിജെപിക്കാര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുമ്പള കോയിപ്പാടി സ്വദേശിയെ കുത്തി കൊലപ്പെടുത്തിയിരുന്നു. പോലീസ് വെടിവെയ്പ്പില്‍ ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയായ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷഫീഖും (24) കൊല്ലപ്പെട്ടിരുന്നു. പ്രതിഭാഗത്തിന് വേണ്ടി കെ.കെ.മുഹമ്മദ് ശാഫി ഹാജരായി.
Post a Comment
0 Comments