മൈസൂരു (www.evisionnews.in): മൈസൂരു ജില്ലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മരിച്ചു. സംഭവത്തില്‍ 17 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. മൈസൂരുവിലെ ഗുന്ദ്രെ റിസര്‍വ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അമൃതേഷ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഡിആര്‍എഫ്ഒ) കാര്‍ത്തിക് യാദവ്, ജീവനക്കാരായ ആനന്ദ്, ബാഹുബലി, രാമു, ശേഖരയ്യ, സദാശിവ, മഞ്ജു, ഉമേഷ്, സഞ്ജയ്, രാജ നായിക്, സുഷമ, മഹാദേവി, അയ്യപ്പ, സോമശേഖര്‍, തങ്കമണി, സിദ്ദിഖ് പാഷ എന്നിവര്‍ക്കെതിരെയാണ് കേസ്.
ഗുന്ദ്രേ റിസര്‍വ് ഫോറസ്റ്റിന് സമീപമുള്ള ഹിസഹള്ളി ഹാദിയിലെ കരിയപ്പ എന്ന 41കാരനാണ് വനംവകുപ്പുദ്യോഗസ്ഥരുടെ ക്രൂരമര്‍ദ്ദനത്തിനിരയായത്. കഴിഞ്ഞ തിങ്കളാഴ്ച റിസര്‍വ് വനത്തില്‍ നിന്ന് മാനിനെ വേട്ടയാടി കൊന്നുവെന്നാരോപിച്ച് കരിയപ്പയെയും മറ്റ് രണ്ട് പേരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് കരിയപ്പയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരനിലയിലായ കരിയപ്പയെ വനപാലകര്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കരിയപ്പയുടെ മരണം കൊലപാതകമാണെന്നാരോപിച്ച് പ്രദേശവാസികള്‍ വനംവകുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. പരാതി നല്‍കിയാല്‍ തങ്ങളെയെല്ലാം വെടിവച്ചുകൊല്ലുമെന്നും വീടിന് തീയിടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി കരിയപ്പയുടെ കുടുംബം ആരോപിച്ചു.
Post a Comment
0 Comments