ഡല്‍ഹി (www.evisionnews.in): സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രിയും ഗവര്‍ണരും ഡല്‍ഹിയില്‍. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ ഗവര്‍ണര്‍ രേഖാമൂലം അതൃപ്തി അറിയച്ചതിന്റെ തുടര്‍ചലനങ്ങള്‍ ഇന്നും ഉണ്ടാകും. അതേസമയം കേരളത്തിന്റെ രാഷ്ട്രിയ രംഗത്ത് ബി.ജെ.പി കയ്യാളേണ്ട ഇടത്തില്‍ ആരിഫ് മുഹമ്മദ് ഖാനെ ഉപയോഗിച്ച് ആര്‍.എസ്.എസ് കളം പിടിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ബിജെപി ശക്തമായ ആരോപണങ്ങളോ പ്രക്ഷോഭമോ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിട്ടില്ല. സര്‍വകലാശാലകള്‍ സംബന്ധിച്ച് ഉയര്‍ന്ന പ്രശ്‌നങ്ങളില്‍ പോലും ശക്തമായ ഇടപെടല്‍ ബി.ജെ.പി നേതൃത്വമോ പോഷക സംഘടനകളോ നടത്തിയുമില്ല. ഈ ഇടത്തിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന്‍ കടന്നുവന്ന് നിരന്തരമായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ആര്‍.എസ്. എസിന്റെ താല്‍പര്യം ഇതിന് പിറകിലുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
പ്രതിപക്ഷവും ഇതേ അഭിപ്രായം പങ്കിടുന്നുണ്ട്. ഗവര്‍ണര്‍ എന്ന അധികാരസ്ഥാനം മുഖ്യമന്ത്രിക്ക് തുല്യമെന്നോ മുകളിലെന്നോ ഉള്ള നിലയിലേക്ക് മാറി കഴിഞ്ഞു. സര്‍ക്കാരിനെ നിരന്തരമായും ഇടക്കിടെ പ്രതിപക്ഷത്തെയും വിമര്‍ശിക്കുന്ന രീതിയിലേക്ക് ഗവര്‍ ണറെ മാറ്റിയതില്‍ രാജ്ഭവനില്‍ ഇടക്ക് നിയമിതനായ ഒരു വ്യക്തിയുടെ നേരിട്ടുള്ള ഇടപെടലും ആരോപിക്കപ്പെടുന്നുണ്ട്. ഭരണപരമായ ഇടപെടല്‍ എന്നതിനപ്പുറം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങള്‍ എന്ന് സര്‍ക്കാരിനും എല്‍.ഡി.എഫിനും അഭിപ്രായമുണ്ട്.
Post a Comment
0 Comments