ചന്തേര (www.evisionnews.in): ഭർതൃമതിയായ യുവതി ബസ് കോൺട്രാക്ടറെ വശീകരിച്ച് കാറിൽ കയറ്റി കൊണ്ടുപോയി ഭർത്താവുമായി ചേർന്ന് കെണിയിൽ പെടുത്തി മർദിച്ച് അവശനാക്കി കാറും മൊബൈൽ ഫോണും തട്ടിയെടുത്തെന്ന കേസിൽ രണ്ടാം പ്രതിയും അറസ്റ്റിലായി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാമോദരനെ (52) യാണ് ചന്തേര എസ്‌ഐ കെപി നാരായണനും സംഘവും ചൊവ്വാഴ്ച രാവിലെ ഇയാളുടെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ ഒന്നാം പ്രതി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുകേഷിനെ (32) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നീലേശ്വരം ചതുരക്കിണർ സ്വദേശിയായ ശൈലേഷിനെ (42) യാണ് ഇക്കഴിഞ്ഞ ജൂലൈ 26ന് തൃക്കരിപ്പൂരിലെ നടക്കാവിൽ യുവതിയുമൊത്ത് സഞ്ചരിക്കുന്നതിനിടെ ഭർത്താവിന്റെ നേതൃത്വത്തിലെത്തിയ സംഘം മർദിച്ച് അവശനാക്കി കാറും മൊബൈൽ ഫോണും പണവും കവർന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി.
ബസ് കോൺട്രാക്ടർക്ക് നൽകാനുള്ള പണം ഒഴിവാക്കിക്കിട്ടാൻ യുവതിയുടെ ഭർത്താവും സംഘവും നടത്തിയ നാടകമായിരുന്നു ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിൽ മറ്റുപ്രതികളായ യുവതിയുടെ ഭർത്താവ് ഹരീഷും ശ്രീജിത് എന്നയാളും ഒളിവിലാണ്. യുവതിയുടെ ഭർത്താവ് നേരത്തെ ചാരായ കേസിൽ പ്രതിയായിരുന്നു. ഇവരുടെ വിദ്യാർഥിയായ മകളെ ബസിൽ സ്‌കൂളിൽ എത്തിച്ചതിനുള്ള ഫീസ് കുടിശ്ശിക 16,000 രൂപ തനിക്ക് കിട്ടാനുണ്ടെന്നും ഈ പണം ആവശ്യപ്പെട്ടതിനാണ് തന്നെ ചതിയിൽ പെടുത്തിയതെന്നാണ് ബസ് കോൺട്രാക്ടർ പൊലീസിനോട് പറഞ്ഞത്.
പ്രതികൾ തട്ടിക്കൊണ്ട് പോയ കെഎൽ 01 പി 1100 നമ്പർ മാരുതി കാർ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവം ഹണി ട്രാപാണെന്ന് ആരോപണമുണ്ടെങ്കിലും പൊലീസ് യുവതിയെ കേസിൽ പ്രതി ചേർത്തിട്ടില്ല. കാഞ്ഞങ്ങാട് ദുർഗാ ഹൈസ്‌കൂൾ റോഡിൽ താമസിക്കുന്ന ദമ്പതികളെ വീട്ടിൽ കയറി പട്ടാപ്പകൽ കത്തികാട്ടി ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപയും ഇനോവ കാറും തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയാണ് ഈ കേസിൽ ഒന്നാം പ്രതിയായ മുകേഷ്.
Post a Comment
0 Comments