ദുബൈ: സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന ദുബൈ പൊലീസ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇനി അടിയന്തരഘട്ടത്തില്‍ ഒറ്റ ക്ലിക്കില്‍ സഹായമെത്തിക്കും.
ദുബൈ പൊലീസിന്റെ ആപ്ലിക്കേഷനിലാണ് സഹായമഭ്യര്‍ഥിക്കാനുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 'പ്രൊട്ടക്റ്റ് ചൈല്‍ഡ് ആന്‍ഡ് വുമണ്‍' എന്ന പേരിലുള്ള ഫീച്ചര്‍ വഴിയാണ് പ്രയാസകരമായ സാഹചര്യത്തില്‍ ആപ്പില്‍ ക്ലിക്ക് ചെയ്ത് പൊലീസിനോട് സഹായം തേടാന്‍ സാധിക്കുക. ഈ ഫീച്ചര്‍ വഴി മെസേജ് ലഭിക്കുന്നതോടെ പൊലീസ് സഹായം ആവശ്യമുള്ളയാളെ ഉടനടി ബന്ധപ്പെടുകയും ലൊക്കേഷനില്‍ എത്തുകയും ചെയ്യും.
ക്ലിക്ക് ചെയ്യുന്നതോടെ ഒരാളുടെ ലൊക്കേഷന്‍ എവിടെയാണെന്ന് പൊലീസിന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഇതനുസരിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍നിന്നോ പട്രോളിങ് ടീമില്‍ നിന്നോ സഹായം ലഭ്യമാക്കും. എന്നാല്‍ സംവിധാനം ദുരുപയോഗം ചെയ്യരുതെന്നും പരീക്ഷണം നടത്തരുതെന്നും അടിയന്തിരഘട്ടത്തില്‍ മാത്രം ഉപയോഗിക്കണമെന്നും പത്ര സമ്മേളനത്തില്‍ അധികൃതര്‍ നിര്‍ദേശിച്ചു. ആപ്ലിക്കേഷനിലെ പുതിയ ഫീച്ചര്‍ സംബന്ധിച്ച് അറിയിക്കാനാണ് പൊലീസ് പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്. ദുബൈ പൊലീസ് ആപ്പ് 40ലക്ഷത്തിലധികം പേര് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
Post a Comment
0 Comments