കാഞ്ഞങ്ങാട് (www.evisionnews.in): ദയാബായി സെക്രടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യവുമായി 30ന് കാഞ്ഞങ്ങാട്ട് ജന ജാഗ്രതാ റാലി നടക്കും. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ് അമ്പലത്തറ റാലി ഉദ്ഘാടനം ചെയ്യും.
ചികിത്സകിട്ടാതെ ഒരു എന്‍ഡോസള്‍ഫാന്‍ ഇര പോലും മരിക്കരുതെന്ന ലക്ഷ്യവുമായി കേരളത്തിന് അനുവദിക്കുന്ന എയിംസ് പ്രൊപോസലില്‍ കാസര്‍കോട് ജില്ലയെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. സര്‍കാറിന്റെ കീഴില്‍ സൗജന്യമായി ലഭ്യമാകുന്ന ഒരു ചികിത്സാ കേന്ദ്രത്തിലും ആവശ്യമായ പരിചരണം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് ലഭിക്കുന്നില്ല.
കിടപ്പിലായ രോഗികള്‍ക്ക് പുനരധിവാസ കേന്ദ്രം (പകല്‍വീടുകള്‍), മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെയും കണ്ടെത്തുന്നതിന് അടിയന്തര മെഡികല്‍ ക്യാംപ് സംഘടിപ്പിക്കുക, എല്ലാ രോഗങ്ങള്‍ക്കും കാസര്‍കോട് ജില്ലയില്‍ തന്നെ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എയിംസ് ആക്ഷന് കമിറ്റിയും ദയാബായിയും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയും അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.
ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ പ്രശസ്ത സാമൂഹിക മനുഷ്യാവകാശ കാരുണ്യ പ്രവര്‍ത്തക ദയാബായി നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ നിരാഹാര സമരത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഐക്യദാര്‍ഢ്യവുമായി 30 ന് വൈകിട്ട് മൂന്ന് മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ജനജാഗ്രത യാത്ര ആരംഭിക്കുന്നത്.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. കാസര്‍കോട് ജില്ലയുടെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥക്കെതിരെ നടക്കുന്ന സമരങ്ങളില്‍ കാസര്‍കോട് ജനത ഒന്നടങ്കം കണ്ണി ചേരണമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ കരീം ചൗക്കി, ട്രഷറര്‍ ശാഫി കല്ലു വളപ്പ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments