കോട്ടയം (www.evisionnews.in): പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് (89) അന്തരിച്ചു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരേ നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയായ മേരി റോയ്.
കോട്ടയത്തെ ആദ്യ സ്കൂളായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി.വി. ഐസക്കിന്റെ മകളുമായി 1933 ൽ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. ഡൽഹി ജീസസ് മേരി കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളജിൽ നിന്ന് ബിരുദം നേടി. പരേതനായ രാജീബ് റോയിയാണ് മേരിയുടെ ഭര്‍ത്താവ്.
ക്രിസ്ത്യൻ പിന്തുടർച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി സമ്പാദിച്ച പോരാളിയാണ് മേരി റോയ്. 1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു.
ഇന്ന് വൈകിട്ട് 3 മണി മുതൽ നാളെ രാവിലെ 10 മണി വരെ വീട്ടിൽ പൊതുദർശനം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് പള്ളിക്കൂടം സ്കൂളിനോട് ചേർന്ന വീട്ടുവളപ്പിൽ നടക്കും.
Post a Comment
0 Comments