Type Here to Get Search Results !

Bottom Ad

ജീവിത ശൈലി രോഗങ്ങളെ കണ്ടത്തുന്ന ‘ശൈലി’ സര്‍വ്വേയില്‍ കാസര്‍കോട് ജില്ലയ്ക്ക് നേട്ടം; സംസ്ഥാനത്ത് മൂന്നാം സ്ഥാനം


കാസര്‍കോട് (www.evisionnews.in): ജീവിതശൈലീ രോഗങ്ങള്‍ നിര്‍ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായ ശൈലി ആപ്പ് വഴിയുള്ള സര്‍വേയില്‍ കാസര്‍കോട് ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത്. 2,09,696 പേരില്‍ സര്‍വേ പൂര്‍ത്തിയാക്കിയാണ് ജില്ലാ ഈ നേട്ടം കൈവരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് സര്‍വേയില്‍ ജില്ലയ്ക്ക് മുമ്പിലുള്ളത്. ജനസംഖ്യ കുറഞ്ഞ ജില്ലകളില്‍ ഒന്നാമതാണ് കാസര്‍കോട്. സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്ന ആശാ പ്രവര്‍ത്തകരാണ് ജില്ലയെ ഈ നേട്ടത്തിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്.

28 തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിലെ പരിശീലനം ലഭിച്ച അറുനൂറോളം ആശാവര്‍ക്കര്‍മാര്‍ ജൂണ്‍ പകുതിയോടെയാണ് സര്‍വ്വേ ആരംഭിച്ചത്. വീടുവീടാന്തരം കയറി മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ 30 വയസ്സിന് മുകളിലുള്ള മുഴുവന്‍ ആളുകളെയും നേരില്‍ കണ്ട് അവരുടെ ആരോഗ്യസ്ഥിതിയും രോഗ വിവരങ്ങളും അനാരോഗ്യകരമായ ശീലങ്ങളും പാരമ്പര്യ രോഗ പകര്‍ച്ച സാധ്യതയും ചോദിച്ചു മനസ്സിലാക്കി ശൈലി ആപ്പില്‍ രേഖപ്പെടുത്തുന്നു. ലഭ്യമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വ്വേയില്‍ പങ്കെടുക്കുന്ന വ്യക്തിക്ക് നിലവില്‍ രോഗം വരാനുള്ള സാധ്യത ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ അവരുടെ മൊബൈലിലേക്ക് സന്ദേശം പോവുകയും തുടര്‍പരിശോധനയ്ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. ജീവിത ശൈലി രോഗങ്ങളായ രക്താതിമര്‍ദ്ദം, പ്രമേഹം, സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, വായിലെ കാന്‍സര്‍, വായുവിലൂടെ പകരുന്ന ക്ഷയം എന്നീ രോഗങ്ങള്‍ക്കാണ് പ്രമുഖ പരിഗണന കൊടുക്കുന്നത്. നിലവില്‍ പൂര്‍ത്തിയായ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ സ്തനാര്‍ബുദ സാധ്യത 13168 പേരിലും ഗര്‍ഭാശയമുഖ ക്യാന്‍സര്‍ സാധ്യത 2217 പേരിലും കണ്ടെത്തി. വായിലെ ക്യാന്‍സര്‍ സാധ്യത 728, ക്ഷയരോഗ സാധ്യത 1809, രക്താതി മര്‍ദ്ദ സാധ്യത 21467, പ്രമേഹ സാധ്യത 13620 പേരിലും കണ്ടെത്തി.

82 ശതമാനം സര്‍വേ പൂര്‍ത്തിയാക്കിയ കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്താണ് ജില്ലയില്‍ ഒന്നാം സ്ഥാനത്ത്. പുല്ലൂര്‍ പെരിയ 75 ശതമാനം, പനത്തടി 65 ശതമാനം, കള്ളാര്‍ 62 ശതമാനം, ചെങ്കള 56 ശതമാനം എന്നീ പഞ്ചായത്തുകള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തി. നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തന മേഖലയാണ് വാര്‍ഷിക ആരോഗ്യ പരിശോധന. ഇതിന്റെ ഭാഗമായാണ് ശൈലി ആപ്പ് വഴിയുള്ള ജീവിത ശൈലി രോഗ നിര്‍ണ്ണയ സര്‍വേ നടപടികള്‍ ആരംഭിച്ചത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ അഞ്ച് പഞ്ചായത്തുകളില്‍ ആരംഭിച്ച സര്‍വേ നിലവില്‍ 28 ഓളം തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും സര്‍വേ ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് പരിശീലനവും തുടരുകയാണ്. സെപ്റ്റംബര്‍ 19ന് മുള്ളേരിയ, ബെള്ളൂര്‍, 23ന് മധൂര്‍, പുത്തിഗെ, 24ന് ബായാര്‍, മീഞ്ച എന്നിവിടങ്ങളിലും പരിശീലനം നടക്കും. ഒക്ടോബര്‍ ആറിനു കാസര്‍കോട് നഗരസഭയിലും, പത്തിന് മഞ്ചേശ്വരം, വോര്‍ക്കാടി എന്നിവിടങ്ങളിലും ആശാ വര്‍ക്കര്‍മാര്‍ക്കുള്ള പരിശീലനം നടക്കുമെന്ന് ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. വി. സുരേഷ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad