Type Here to Get Search Results !

Bottom Ad

കേരളത്തില്‍ ലിവിങ് ടുഗദര്‍ കൂടുന്നു: ആശങ്കയുണ്ടെന്ന് ഹൈക്കോടതി


കൊച്ചി (www.evisionnews.in): എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദര്‍ കൂടുന്നുവെന്നും വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും ഹൈക്കോടതി. ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നതായും കോടതി നിരീക്ഷിച്ചു.

വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. 'ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളം ഒരു കാലത്ത് ശക്തമായ കുടുംബ ബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. എന്നാല്‍, ദുര്‍ബലവും സ്വാര്‍ഥവുമായ കാര്യങ്ങള്‍ക്കും വിവാഹേതര ബന്ധങ്ങള്‍ക്കുമായി വിവാഹബന്ധം തകര്‍ക്കുന്നതാണ് നിലവിലെ പ്രവണത.

വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും ജനസംഖ്യയില്‍ ഭൂരിപക്ഷമായാല്‍ അത് സമൂഹത്തിന്റെ ശാന്തതയെ ബാധിക്കുകയും വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും. ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസമാകുന്ന തിന്മയായാണ് വിവാഹത്തെ പുതുതലമുറ കാണുന്നത്. ഭാര്യ എന്നാല്‍ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവള്‍ എന്നതാണ് ഇന്നത്തെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്നു'- ഉത്തരവില്‍ പറയുന്നു.

ഭാര്യയില്‍ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് യുവാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ആലപ്പുഴ കുടുംബകോടതി ആവശ്യം തള്ളിയതിനെ തുടര്‍ന്നായിരുന്നു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad