(www.evisionnews.in) എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അവരെ അലട്ടിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഏറ്റവും കൂടുതല്‍ കാലം (70 വര്‍ഷം) ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്നതിന്റെ റെക്കോര്‍ഡ് എലിസബത്ത് രാജ്ഞിയുടെ പേരിലാണ്. 1952 ഫെബ്രുവരി ആറിനാണ് അവര്‍ പദവിയില്‍ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാല്‍പതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത്. അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യാന്‍, പിതൃസഹോദരന്‍ എഡ്വേഡ് എട്ടാമന്‍ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്നാണ് എലിസബത്തിന്റെ പിതാവ് ജോര്‍ജ് ആറാമന്‍ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേര്‍ന്നു.
1926 ഏപ്രില്‍ 21-ന് ജോര്‍ജ് ആറാമന്റെ (ഡ്യൂക്ക് ഓഫ് യോര്‍ക്ക്) യും എലിസബത്ത് രാജ്ഞി (ഡച്ചസ് ഓഫ് യോര്‍ക്ക്) യുടെയും മകളായാണ് ജനനം. എലിസബത്ത് അലക്സാന്‍ഡ്ര മേരി വിന്‍ഡ്സര്‍ എന്നായിരുന്നു പേര്. ജോര്‍ജ് ആറാമന്റെ പിതാവും രാജാവുമായിരുന്ന ജോര്‍ജ് അഞ്ചാമന്റെ ഭരണകാലത്തായിരുന്നു എലിസബത്തിന്റെ ജനനം.
Post a Comment
0 Comments