കാസർകോട് (www.evisionnews.in): ജെനറൽ ആശുപത്രിയിൽ ഒരു ഫോറൻസിക് സർജനെ കുടി ജോലി ക്രമീകരണാടിസ്ഥാനത്തിൽ നിയമിച്ചു. ടാറ്റാ ആശുപത്രിയിലെ ഡോ. റെയ്ചൽ ജോണിയെയാണ് ജെനറൽ ആശുപത്രിയിൽ പോസ്റ്റ്മോർടം ചെയ്യുന്നതിന് ഫോറൻസിക് സർജനായി നിയമിച്ചത്. പോസ്റ്റ്മോർടം രാത്രി കാലങ്ങളിലും നടക്കാൻ ഈ ജോലി ക്രമീകരണം സഹായകരമാകും.
രാത്രി കാലങ്ങളിലും പോസ്റ്റ്മോർടം ചെയ്യാൻ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ (ഫോറൻസിക് സർജൻ) നിയമിക്കണമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു. ഇക്കാരും ആവശ്യപ്പെട്ട് ജില്ലാ ജനറൽ ആശുപത്രിയുടെ ഡെപ്യൂടി സുപ്രണ്ട് ഡോ. ജമാൽ അഹ്‌മദ് ഉൾപടെയുള്ള സംഘടനയുടെ സംസ്ഥാന നേതാക്കൾ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഹെൽത് സെക്രടറിയെയും ഡിഎച്എസിനെയും നേരിട്ട് കാണുകയും കത്ത് നൽകുകയും ചെയ്തിരുന്നു.
എൻഎ നെല്ലിക്കുന്ന് എംഎൽഎ കോടതിയിലും നിയമസഭയിലും മറ്റും പോരാട്ടം നടത്തിയതിന്റെ ഫലമായി മാർച് 19ന് കാസർകോട് ജെനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ് മോർടം ആരംഭിച്ചിരുന്നു. എന്നാൽ രാത്രികാല പോസ്റ്റ് മോർടം നടത്താൻ ഹൈകോടതി നിർദേശിച്ച മാനവവിഭവശേഷി ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടില്ലെന്ന കാരണം പറഞ്ഞു ഓഗസ്റ്റ് 16 മുതൽ ഡോക്ടർമാർ രാത്രികാല പോസ്റ്റ് മോർടത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ഈ സാഹചര്യത്തിൽ എൻഎ നെല്ലിക്കുന്ന് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുകയും ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
ജെനറൽ ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാരുടെയും ഇവിടെ ജോലി ചെയ്തു വരുന്ന ജൂനിയർ കൺസൾടന്റിന്റെയും (ഫോറൻസിക് സർജൻ), വർകിംഗ് അറേൻജ്മെന്റിൽ നിയമിക്കപ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ്, അറ്റൻഡന്റ് ഗ്രേഡ് - 2 എന്നീ വിഭാഗം ജീവനക്കാരുടെയും സേവനം ഉപയോഗപ്പെടുത്തി തുടർന്നും രാത്രികാല പോസ്റ്റ് മോർടം നടത്തുന്നതിന് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്, എൻഎ നെല്ലിക്കുന്ന് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായി അറിയിക്കുകയും ചെയ്തിരുന്നു.
Post a Comment
0 Comments