ന്യൂഡല്‍ഹി: അശോക് ഗെഹലോട്ടിനെ പിന്തുണക്കുന്ന 90 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിരക്കിട്ട ശ്രമം. അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും മുഖ്യമന്ത്രി അശോക് ഗെലോട്ട് പക്ഷത്തെ എംഎല്‍എമാരെ കണ്ട് അഭിപ്രായം തേടുന്നു. ശേഷം വിവരങ്ങള്‍ സോണിയ ഗാന്ധിയെ അറിയിക്കും. പിന്നിട് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ അനുവദിക്കണം അല്ലെങ്കില്‍ ഭൂരിഭാഗം പേര്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം.
അശോക് ഗെഹലോട്ടിനെ പിന്തുണക്കുന്ന 90 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെ തന്നെ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു. സച്ചിന്‍ പൈലറ്റിനെ ഒരു കാരണവശാലും മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ കഴിയുകയില്ലന്ന് എംഎല്‍എമാര്‍ വ്യക്തമാക്കിയിരുന്നു. അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനായ മന്ത്രി ശാന്തി ധരിവാളിന്റെ വീട്ടില്‍ വച്ചാണ് എംഎല്‍എമാര്‍ സംയുക്തമായി രാജിക്കത്ത് തയാറാക്കിയത്. ഇതോടെ സച്ചിന്‍ പൈലറ്റിന്റെ മുഖ്യമന്ത്രി മോഹത്തിന് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. അതേസമയം ഒരാള്‍ക്ക് ഒരു പദിവി മാത്രമേ അനുവദിക്കുകയുള്ളുവെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
Post a Comment
0 Comments