ദോഹ (www.evisionnews.in): ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. കുട്ടി പഠിച്ചിരുന്ന ദോഹ അല്‍ വക്റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. കെജി വിദ്യാര്‍ത്ഥിയായ മിന്‍സ മറിയത്തിന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിന്‍സ.
രാവിലെ ആറുമണിക്ക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസില്‍ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാര്‍ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടില്ല. ബസ് പരിശോധിക്കാതെ ഡ്രൈവര്‍ വാഹനം ഡോര്‍ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. 11.30ന് ഡ്യൂട്ടി പുനരാരംഭിക്കാന്‍ ബസില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ ബസിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അതേസമയം മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Post a Comment
0 Comments