ബംഗളൂരു (www.evisionnews.in): കര്‍ണാടകയിലെ ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് രണ്ടു രോഗികള്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന രണ്ട് രോഗികളാണ് വൈദ്യുതി മുടങ്ങിയടതോടെ വെന്റിലേറ്റര്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മരണപ്പെട്ടത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന പതിനെട്ടുകാരന്‍ മൗല ഹുസൈന്‍, പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ചേതേമ്മ എന്നിവരാണ് മരിച്ചത്. ബെല്ലാരിയില്‍ പ്രവര്‍ത്തിക്കുന്ന വിംസ് സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണ സംഭവം.
രാവിലെ ആറു മണി മുതല്‍ പത്ത് വരെ നാല് മണിക്കൂറോളം ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. വൈദ്യുതി മുടങ്ങിയതോടെ ആശുപത്രിയിലുണ്ടായിരുന്ന രോഗികളുടെ ബന്ധുക്കള്‍ ആശങ്കയോടെ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഷോര്‍ട്ട് സെര്‍ക്യൂട്ട് ആണെന്നും ശരിയാക്കട്ടെ എന്നുമായിരുന്നു മറുപടി. എന്നാല്‍ ആശുപത്രിയില്‍ ജനറേറ്റര്‍ സൗകര്യം ഒരുക്കിയിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ കര്‍ണാടക ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ജില്ലാ മെഡിക്കര്‍ ഓഫീസറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments