Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രാത്രികാല പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെയും ഇവിടെ ജോലി ചെയ്തു വരുന്ന ജൂനിയര്‍ കണ്‍സള്‍ടന്റിന്റെയും (ഫോറന്‍സിക് സര്‍ജന്‍), വര്‍കിംഗ് അറേഞ്ച്‌മെന്റില്‍ നിയമിക്കപ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡന്റ് ഗ്രേഡ്- 2 എന്നീ വിഭാഗം ജീവനക്കാരുടെയും സേവനം ഉപയോഗപ്പെടുത്തി തുടര്‍ന്നും രാത്രികാല പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒരു ഫോറന്‍സിക് സര്‍ജന്റെ സേവനം അധികമായി ലഭ്യമാക്കാന്‍ കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്), കാസര്‍കോട് ജനറല്‍ ആശുപത്രിയിലും രാത്രികാല പോസ്റ്റ് മോര്‍ടം നടത്തുന്നതിന് അനുമതി നല്‍കികൊണ്ട് 2015 ഒക്ടോബര്‍ 26നു സര്‍കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ കേരള മെഡിക്കോ ലീഗല്‍ സൊസൈറ്റി റിട്ട് ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. 2021 ഒക്ടോബര്‍ 29 നാണ് ഈ കേസ് പിന്നീട് ഹൈകോടതിയുടെ പരിഗണനയില്‍ വന്നത്. 2021ല്‍ എന്‍എ നെല്ലിക്കുന്ന് ഇന്റര്‍ ലൊക്ക്യുട്ടറി ഹരജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ഇതേതുടര്‍ന്ന് അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആറ് മാസത്തിനുള്ളിലും കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ഒരുമാസത്തിനുള്ളിലും രാത്രികാല പോസ്റ്റ് മോര്‍ട്ടം ആരംഭിക്കണമെന്ന് 2021 ഡിസംബര്‍ 16ന് ഹൈകോടതി നിര്‍ദേശിച്ചു.

തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 19ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രാത്രികാല പോസ്റ്റ് മോര്‍ട്ടം ആരംഭിച്ചു. എന്നാല്‍ രാത്രികാല പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ച മാനവ വിഭവശേഷി ആരോഗ്യവകുപ്പ് തയാറാക്കിയിട്ടില്ലെന്ന കാരണം പറഞ്ഞു ഓഗസ്റ്റ് 16 മുതല്‍ ഡോക്ടര്‍മാര്‍ രാത്രികാല പോസ്റ്റ് മോര്‍ട്ടത്തില്‍ നിന്ന് വിട്ടുനിന്നു. ഈ സാഹചര്യത്തിലാണ് എന്‍എ നെല്ലിക്കുന്ന് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചത്. രാത്രികാല പോസ്റ്റ് മോര്‍ട്ടം വേണമെന്നത് ജനങ്ങളുടെ ആവശ്യമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാലും നാലുമണി കഴിഞ്ഞാല്‍ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ കഴിയില്ല എന്ന രീതി മാറേണ്ടതായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad