മാഡ്രിഡ് (www.evisionnews.in): കൂറ്റന്‍ ആലിപ്പഴം തലയില്‍ വീണ് 20മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. വടക്ക് കിഴക്കന്‍ സ്‌പെയിനിലെ കാറ്റലോനിയയിലാണ് സംഭവം. അതിശക്തമായ ആലിപ്പഴ വീഴ്ചയോട് കൂടിയ കൊടുങ്കാറ്റാണ് അപകടം സൃഷ്ടിച്ചത്. ലാ ബിസ്ബല്‍ ഡിഎംബോര്‍ഡ ഗ്രാമത്തിന് സമീപമാണ് സംഭവം. പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
10 സെന്റിമീറ്റര്‍ വ്യാസമുള്ള ആലിപ്പഴമാണ് കുഞ്ഞിന്റെ തലയില്‍ വീണതെന്നാണ് വിവരം. ഇതേ വലിപ്പത്തിലെ നിരവധി ആലിപ്പഴങ്ങള്‍ പ്രദേശത്ത് പതിച്ചു. ഏകദേശം 50ഓളം പേര്‍ക്ക് ഇവ പതിച്ച് പരിക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലുകളില്‍ പൊട്ടല്‍ സംഭവിച്ചവര്‍ മുതല്‍ ചതവുകള്‍ സംഭവിച്ചവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. റോഡുകളിലുണ്ടായിരുന്നവര്‍ നിലവിളിച്ചു കൊണ്ട് ഓടിരക്ഷപ്പെട്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പത്ത് മിനിറ്റോളമാണ് ആലിപ്പഴ വീഴ്ച നീണ്ടുനിന്നത്. വീടുകളുടെ മേല്‍ക്കൂര, ജനാല, പവര്‍ കേബിളുകള്‍ തുടങ്ങിയവയ്ക്ക് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് ദശാബ്ദത്തിനിടെ കാറ്റലോനിയയിലുണ്ടാകുന്ന ഏറ്റവും വലിയ ആലിപ്പഴ വീഴ്ചയാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post a Comment
0 Comments