Type Here to Get Search Results !

Bottom Ad

രാജ്ഞിക്ക് വിട, അന്ത്യവിശ്രമം ഫിലിപ്പ് രാജകുമാരനൊപ്പം രാജകീയ നിലവറയില്‍


ലണ്ടന്‍ : ലോക നേതാക്കന്മാരും ബ്രിട്ടിഷ് ജനതയും അന്തിമോപചാരം അര്‍പ്പിച്ചതിനു പിന്നാലെ രാജകുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. വിവിധ രാജ്യങ്ങളില്‍നിന്ന് ക്ഷണിക്കപ്പെട്ട രാഷ്ട്രനേതാക്കള്‍ ഉള്‍പ്പെടെ 2000ല്‍പ്പരം പേരും വിവിധ ഘട്ടങ്ങളിലായി നടന്ന സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലേക്ക് മൃതദേഹ പേടകം എത്തിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കമായത്. പിന്നീട് ആചാരപരമായ നടപടിക്രമങ്ങളിലൂടെ വെല്ലിങ്ടണ്‍ ആര്‍ച്ചിലേക്ക് മൃതദേഹം എത്തിച്ചു. വഴിയരികില്‍ ആയിരക്കണക്കിനുപേര്‍ രാജ്ഞിക്ക് വിട നല്‍കാന്‍ കാത്തുനിന്നു. ശേഷം വാഹനത്തില്‍ വിന്‍ഡ്‌സര്‍ കൊട്ടാരത്തിലേക്ക്.

സെന്റ് ജോര്‍ജ് ചാപ്പലിലേക്കു മൃതദേഹം എത്തിച്ചതിനു പിന്നാലെ ചാള്‍സ് മൂന്നാമന്‍ രാജാവും മറ്റു രാജകുടുംബാംഗങ്ങളും കാല്‍നടയായി അനുഗമിച്ചു. ചാപ്പലിലെ ചടങ്ങുകളോടെ പൊതുജനത്തിന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസരം അവസാനിച്ചു. രാജകീയ നിലവറയിലേക്കു വച്ച മൃതദേഹത്തിനടുത്തേക്ക് അവസാനനിമിഷങ്ങളില്‍ അടുത്ത കുടുംബാംഗങ്ങള്‍ക്കു മാത്രമാണ് പ്രവേശനം. ലഭിച്ചത്. കഴിഞ്ഞവര്‍ഷം അന്തരിച്ച ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം കിങ് ജോര്‍ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലിലാണ് രാജ്ഞിക്ക് അന്ത്യവിശ്രമമൊരുക്കിയത്.

സെപ്റ്റംബര്‍ എട്ടിന് അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരം തിങ്കളാഴ്ച വരെ വെസറ്റ്മിന്‍സ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. ബ്രിട്ടിഷ് സമയം രാവിലെ പതിനൊന്നോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗികമായി ആരംഭിച്ചത്. രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപ്പറില്‍ വിലാപഗാനം ആലപിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മൃതദേഹപേടകം വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍നിന്ന് ലോകനേതാക്കളും മറ്റും സന്നിഹിതരായിരുന്ന വെസ്റ്റമിന്‍സ്റ്റര്‍ ആബിയിലേക്ക് വിലാപയാത്രയായി എത്തിച്ചു. രാജകീയ രഥത്തിലാണ് ഭൗതിക ശരീരം കൊണ്ടുവന്നത്. 142 റോയല്‍ നേവി അംഗങ്ങള്‍ ചേര്‍ന്നാണ് ഈ യാത്ര നിയന്ത്രിച്ചത്. എട്ടു കിലോമീറ്റര്‍ യാത്രയില്‍ 1600 സൈനികര്‍ അകമ്പടിയേകി. രാജകുടുംബാംഗങ്ങളും വിലാപയാത്രയെ അനുഗമിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad