ദുബൈ (www.ecisionnews.in): ശൈത്യത്തിന്റെ വരവറിയിച്ച് യു.എ.ഇയുടെ ആകാശത്ത് 'സുഹൈല്‍' തെളിഞ്ഞു. വേനല്‍ അവസാനം പ്രത്യക്ഷപ്പെട്ട് ശൈത്യകാലം മുഴുവനും തെളിഞ്ഞുകാണുന്ന താരകമാണ് 'സുഹൈല്‍'. ബുധനാഴ്ച പുലര്‍കാലത്താണ് ഇത് ദൃശ്യമായതെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി അറിയിച്ചു. 'സിറിയസി'ന് ശേഷം ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് 'സുഹൈലെ'ന്നാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പറയുന്നത്.
ഭൂമിയില്‍നിന്ന് ഏകദേശം 313 പ്രകാശവര്‍ഷം അകലെയാണിത്. പുരാതനകാലം മുതല്‍ അറബ് ജനത ഋതുഭേദങ്ങള്‍ തിരിച്ചറിയാനായി ഉപയോഗിക്കുന്നുണ്ട്. അറബി കവിതകളിലും കഥകളിലും ബദവി പഴമൊഴികളിലും ഇതുസംബന്ധിച്ച പരാമര്‍ശങ്ങള്‍ സുലഭമാണെന്ന് അറബ് യൂനിയന്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സസ് അംഗം ഇബ്രാഹീം അല്‍ ജര്‍വാന്‍ പറഞ്ഞു.
പഴയകാലത്ത് ആളുകള്‍ മത്സ്യബന്ധനവും കൃഷിയും ഈ നക്ഷത്രത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിച്ചിരുന്നത്. 'സുഹൈലി'ന്റെ വരവ് പരമ്ബരാഗതമായി വേട്ടയാടല്‍ കാലത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നതുമാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സുഹൈല്‍' ദൃശ്യമായതിന് പിന്നാലെ യു.എ.ഇയില്‍ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുകയും ചൂട് കുറഞ്ഞുതുടങ്ങുകയും ചെയ്തിട്ടുണ്ട്.
Post a Comment
0 Comments