Type Here to Get Search Results !

Bottom Ad

മാഹിയില്‍ വിതരണം ചെയ്ത ദേശീയ പതാക വിവാദത്തില്‍; അശോക ചക്രം മുദ്രണം ചെയ്തതും നിറങ്ങളുടെ അനുപാതവും​ തെറ്റി


മാഹി (www.evisionnews.in): സ്വാതന്ത്ര്യ ദിനത്തില്‍ വീടുകളില്‍ ഉയര്‍ത്താന്‍ മാഹി മേഖലയില്‍ വിതരണം ചെയ്ത പല ദേശീയ പതാകകളും പതാക നിയമം ലംഘിച്ചെന്ന് വ്യാപക പരാതി. ബി.ജെ.പി -എന്‍.ആര്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചേരിയില്‍നിന്ന് കൊണ്ടുവന്ന ?9,000 പതാകകളിലാണ് തെറ്റായ രീതിയില്‍ തയാര്‍ ചെയ്തവ ഉള്ളത്.

അശോക ചക്രം മധ്യഭാഗത്ത് മുദ്രണം ചെയ്യുന്നതിന് പകരം തെറ്റായ ഭാഗത്താണ് ചെയ്തിട്ടുള്ളത്. മൂന്ന് നിറങ്ങളുടെയും അനുപാതവും പാലിച്ചിട്ടില്ല. കങ്കുമ നിറം മറ്റ് രണ്ട് നിറങ്ങളെക്കാള്‍ ചെറുതായാണുള്ളത്. ചില പതാകകളില്‍ നിറങ്ങള്‍ പരസ്പരം കലര്‍ന്നതായും നാട്ടുകാര്‍ പറഞ്ഞു. അശോക ചക്രത്തിന് ആവശ്യമായ വലുപ്പമില്ലെന്നും ചിലര്‍ പറഞ്ഞു. നിലവാരം കുറഞ്ഞ പോളിസ്റ്റര്‍ തുണിയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. പതാക കെട്ടാന്‍ സാധാരണ ദേശീയ പതാകയുടെ ഇടത് ഭാഗത്ത് താഴെയും മുകളിലുമായി നാട നല്‍കിയിരുന്നു. എന്നാല്‍, ഇവയില്‍ വളരെ ചെറിയ ദ്വാരമുണ്ടാക്കി വശം മടക്കി തയ്ച്ചിരിക്കുകയാണ്.

മാസങ്ങളായി വേതനം ലഭിക്കാത്ത അംഗന്‍വാടി ജീവനക്കാരെയാണ് വിതരണത്തിനായി അധികൃതര്‍ നിയോഗിച്ചിട്ടുള്ളത്. നിലവാരം കുറഞ്ഞ തുണിയില്‍ നിര്‍മിച്ച ദേശീയ പതാക അവരോട് സഹതാപം തോന്നിയാണ് 20 രൂപ നല്‍കി വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് ചില വീട്ടുകാര്‍ പറഞ്ഞു. പുതുച്ചേരി സര്‍വ ശിക്ഷ അഭിയാന്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന ഹര്‍ഘര്‍ തിരംഗ പദ്ധതിയില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തേയും ദേശീയ പതാകയുടെ പ്രാധാന്യത്തേയും കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുന്നുണ്ട്.

ഹര്‍ഘര്‍ തിരംഗക്ക് വേണ്ടി മാഹിയിലെ വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെയും പന്തക്കല്‍ ആശ്രയ വിമന്‍സ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ദേശീയ പതാക തയ്യാറാക്കുവാന്‍ തുടങ്ങിയിരുന്നു. 50 രൂപയും 100 രൂപയും വില നിശ്ചയിച്ച് പോളിസ്റ്റര്‍ തുണിയില്‍ തയ്യാറാക്കിയ പതാകകള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ കുറഞ്ഞതായാണ് അറിയുന്നത്. ഇത് സംബന്ധിച്ച് പ്രവാസിയും മയ്യഴിക്കൂട്ടം സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ ജിനോസ് ബഷീര്‍, റീജനല്‍ അഡ്മിനിസ്‌ട്രേറ്റര്‍, മാഹി നഗരസഭ എന്നിവിടങ്ങളില്‍ പരാതി നല്‍കി. വിതരണം ചെയ്ത പതാകകള്‍ തിരിച്ച് വാങ്ങി അപാകതകളില്ലാത്ത പുതിയ ദേശീയപതാകകള്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad