(www.evisionnews.in) സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ ഹര്‍ ഘര്‍ തിരംഗ പരിപാടി ജില്ലയില്‍ വിപുലമായി ആഘോഷിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഹര്‍ ഘര്‍ തിരംഗ പരിപാടി ആഘോഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും ജില്ലാ കളക്ടര്‍ യോഗത്തില്‍ അവതരിപ്പിച്ചു. എല്ലാ വീടുകളിലും പൊതു സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണം. 'ഹര്‍ ഘര്‍ തിരംഗ'യില്‍ ഫ്‌ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.വീടുകളില്‍ ദേശീയ പതാക രാത്രിയില്‍ താഴ്ത്തേണ്ടതില്ല. കോട്ടണ്‍, പോളിയെസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണിത്തരങ്ങളിലെ കൈകൊണ്ടു നെയ്തതോ യന്ത്രങ്ങളില്‍ നിര്‍മിച്ചതോ ആയ ദേശീയ പതാകകള്‍ ഉപയോഗിക്കാം.
ദേശീയ പതാക ദീര്‍ഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം. എന്നാല്‍ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. പതാക പ്രദര്‍ശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയര്‍ത്താന്‍ പാടില്ല. മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ല.
തലതിരിഞ്ഞ രീതിയില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തില്‍ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാന്‍ അനുവദിക്കരുത്. പതാകയില്‍ എഴുത്തുകള്‍ പാടില്ല. കെട്ടിടങ്ങളുടെ മുന്‍വശത്തോ ജനല്‍പ്പാളിയിലോ ബാല്‍ക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ സാഫ്റോണ്‍ ബാന്‍ഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്. മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുത്.
എല്ലാ പഞ്ചായത്തുകളിലും ഘോഷയാത്ര സംഘടിപ്പിക്കണം. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യ പരേഡില്‍ എല്ലാവരും പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയിലെ പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധികള്‍ , എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments