കാസര്‍കോട് (www.evisionnews.in): ദേശീയപാത വികസനത്തിന്റെ പേരില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളും പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ് ദുല്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് ജനവാസ കേന്ദ്രങ്ങളില്‍ പോലും വന്‍മതിലുകള്‍ തീര്‍ത്ത് കാല്‍നട യാത്രക്കാര്‍ക്കും ഗതാഗതത്തിനും തടസം സൃഷ്ടിക്കുന്ന രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
ദേശീയപാത നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ പ്രതീക്ഷകളും തകര്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തികളാണ് നടക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണവും വാഹനങ്ങള്‍ തിരിച്ചുവിടുന്നതും കരാറുകാരന്റെ താല്‍പര്യം അനുസരിച്ചാണ്. പൊലീസിനെയും തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളേയും നോക്കുകുത്തിയാക്കി ദേശീയപാത നിര്‍മാണ കരാറുകാരന്‍ ജനങ്ങളെയാകെ വെല്ലുവിളിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദേശീയ പാതയില്‍ സ്ഥാപിച്ചിരുന്ന തെരുവു വിളക്കുകള്‍ മുഴുവന്‍ എടുത്തു മാറ്റിയതിനാല്‍ സന്ധ്യ മയങ്ങിയാല്‍ ഇരുട്ടിലാണ് ജനങ്ങള്‍ പുറത്തിറങ്ങേണ്ടി വരുന്നത്.
ദേശീയ പാത നിര്‍മാണം പൂര്‍ത്തിയായാല്‍ ജനങ്ങള്‍ക്ക് ആരാധാലയങ്ങളിലും ആശുപത്രികളിലും വിദ്യാലയങ്ങളിലും അങ്ങാടികളിലും പോ കാന്‍ വേറെ മാര്‍ഗം തേടേണ്ടിവരും. ഇക്കാര്യത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ജനരോഷം കണ്ടില്ലെന്ന് നടിക്കുന്നത് ജനദ്രോഹവും ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തികള്‍ നാടിന് ശാപമായി മാറിയിരിക്കുന്നു. മതിയായ കൂടിയാലോചന ഇല്ലാത്തതാണ് പ്രശ്‌നത്തിന്റെ പ്രധാന കാരണം. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാവണം. ജനങ്ങളെ ദുരിതത്തിലാക്കാനുള്ളതാവരുത് പ്രധാന ജംഗ്ഷനുകളിലും ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിലും അടിപ്പാതകളും നടപ്പാതകളും നിര്‍മിച്ച് ജനങ്ങളുടെ പ്രയാസങ്ങളും ദുരിതങ്ങളും പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അല്ലാത്തപക്ഷം മുസ്‌ലിം ലീഗ് ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments