തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ ജയിലിലും കേസ്. സഹതടവുകാരന്‍റെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് പൊളളിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൂജപ്പുര സെൻട്രൽ ജയിലിൽ നിഷാമിന്‍റെ സഹതടവുകാരൻ നസീറിനാണ് പൊള്ളലേറ്റത്. നസീർ കൊലക്കേസിലെ പ്രതിയാണ്. ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരി കൂടിയാണ് ഇയാൾ. ജയിൽ സന്ദർശന വേളയിൽ നസീർ ജില്ലാ ജഡ്ജിക്ക് പരാതി നൽകി. നിസാമിനും മറ്റൊരു തടവുകാരനായ കൊലുസു ബിനുവിനുമെതിരെയാണ് പരാതി. ജൂണ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് നസീർ പറഞ്ഞു. ബിനു നിസാമിന്‍റെ ക്വട്ടേഷൻ എടുത്ത് കാലിൽ ചൂടുവെള്ളം ഒഴിച്ചുവെന്നായിരുന്നു നസീറിന്‍റെ മൊഴി. നസീറിന് ഗുരുതരമായി പൊളളലേറ്റിരുന്നു. അന്ന് നിസാമിനും ബിനുവിനുമെതിരെ നസീർ പരാതിപ്പെട്ടിരുന്നില്ല. ജയിൽ ബാർബർ ഷോപ്പിലെ സാധനങ്ങൾ അണുവിമുക്തമാക്കാൻ സൂക്ഷിച്ചിരുന്ന ചൂടുവെള്ളം വീണതിനെ തുടർന്ന് കാലിന് പൊള്ളലേറ്റെന്നാണ് നസീർ അന്ന് പറഞ്ഞത്. നസീറിന്‍റെ പരാതിയിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നേരത്തെ നിഷാമുമായി നസീറിന് നല്ല ബന്ധമായിരുന്നു. ജയിലിൽ അനധികൃതമായി സൗകര്യങ്ങൾ ഒരുക്കാൻ നിഷാമിനെ സഹായിച്ചെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി നിഷാമിൽ നിന്ന് പണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പുതിയ സംഭവവികാസങ്ങൾക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
Post a Comment
0 Comments