Type Here to Get Search Results !

Bottom Ad

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയും ഇരയാണെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ആരോപണവിധേയായ അമ്മയും ഇരയാണെന്ന് സുപ്രീം കോടതി. കുറ്റാരോപിതയായ അമ്മയെ കുറ്റവിമുക്തയാക്കുന്ന റിപ്പോര്‍ട്ടിനെതിരെ കോടതിയില്‍ നല്‍കിയ എതിര്‍പ്പ് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ടിനെതിരെ മകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു. എന്തുകൊണ്ട് പിതാവ് പക പോക്കുകയാണെന്ന് സംശയിക്കുന്നില്ലെന്നും കോടതി ചോദിച്ചു. മകന്റെ പരാതി അമ്മയ്‌ക്കെതിരെയാണ്. എന്നാല്‍ എന്തുകൊണ്ട് ഇതിന് പിന്നിൽ അച്ഛനാണെന്ന് സംശയിക്കുന്നില്ലെന്നും സുപ്രീം കോടതി ചോദിച്ചു. എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കസ്റ്റഡിയിലിരിക്കെയാണ് പരാതി നൽകിയതെന്ന് കുട്ടിയുടെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. ഇപ്പോള്‍ കള്ളനെന്ന് മകന്‍ മുദ്ര കുത്തപ്പെടുന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അമ്മയും മാനസിക പീഡനം അനുഭവിക്കുന്നില്ലേയെന്നും കേസില്‍ അവരും ഇരയല്ലേയെന്നും കോടതി ആരാഞ്ഞു. ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് വ്യക്തമാക്കി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ഈ നിര്‍ദേശം നല്‍കുന്നതിന് മുമ്പ് ഹൈക്കോടതി തങ്ങളുടെ വാദം കേട്ടിട്ടില്ലെന്ന് മകന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ടിന് എതിരായി സമര്‍പ്പിച്ച രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ് ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് ഇതിന് രണ്ടാഴ്ചത്തെ സമയം നിര്‍ദേശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad