കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനാകുന്ന 'ന്നാ താൻ കേസു കൊട്' എന്ന ചിത്രത്തിന്‍റെ പോസ്റ്ററിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. പത്രങ്ങളിൽ ഉൾപ്പെടെ നൽകിയ പരസ്യത്തിൽ ഉൾപ്പെടുത്തിയ പരസ്യ വാചകത്തെച്ചൊല്ലിയാണ് തർക്കം. 'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ' എന്ന പ്രയോഗമാണ് വിവാദത്തിന് കാരണമായത്. സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്ററാണിതെന്ന് വിമർശകർ അവകാശപ്പെടുന്നു. കേരളത്തിലെ റോഡുകളിലെ കുഴികൾ സംസ്ഥാന സർക്കാരിന്റേതാണോ അതോ കേന്ദ്ര സർക്കാരിന്റേതാണോ എന്ന ചർച്ച അതിന്‍റെ മൂർദ്ധന്യാവസ്ഥയിലിരിക്കെയാണ് സിനിമാ പോസ്റ്ററിലെ 'കുഴി പരാമർശം' വിവാദമായിരിക്കുന്നത്. പോസ്റ്ററിലെ വിവാദ വാചകത്തിൽ ഒരു സർക്കാരിനെയും പരാമർശിക്കുന്നില്ല എന്നതിനാൽ, കുഴിയുടെ കാര്യത്തിലെന്നപോലെ, പരസ്യ വാചകത്തിലെ പരാമർശം ഏത് സർക്കാരിനെ ഉദ്ദേശിച്ചുള്ളതാണ് എന്നതിനെക്കുറിച്ചും വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ട്. സി.പി.എം അനുകൂല സൈബർ പേജുകളിൽ പോസ്റ്ററിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഇന്ന് തന്നെ സിനിമ കാണാൻ തീരുമാനിച്ചിരുന്നുവെന്നും സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തി പോസ്റ്റർ പ്രസിദ്ധീകരിച്ചതിനാൽ തീരുമാനം മാറ്റിയെന്നുമാണ് ഇടത് അനുകൂല പേജുകളിലെ വികാരം.
Post a Comment
0 Comments