ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടൻമാരിൽ ഒരാളാണ് ആമിർ ഖാൻ. തന്‍റെ വരാനിരിക്കുന്ന ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ റിലീസിനായി തയ്യാറെടുക്കുകയാണ് അദ്ദേഹം. ഈ അവസരത്തിലാണ് താരം തന്‍റെ ചെറുപ്പകാലത്തെ കുറിച്ച് മനസ് തുറന്നത്. സിനിമയുടെ ഗ്ലാമർ ലോകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സ്കൂൾ ഫീസ് അടയ്ക്കാൻ പോലും പണമില്ലാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ കുടുംബം കടക്കെണിയിലായിരുന്നെന്നും എട്ട് വർഷമായി കടുത്ത പ്രതിസന്ധി നേരിട്ടെന്നും ആമിർ ഖാൻ പറഞ്ഞു. സ്കൂളിൽ ആറാം ക്ലാസിൽ ആറ് രൂപയും ഏഴാം ക്ലാസിൽ ഏഴ് രൂപയും എട്ടാം ക്ലാസിൽ 8 രൂപയുമായിരുന്നു ഫീസ്. താനും സഹോദരങ്ങളും ഫീസ് അടയ്ക്കാൻ എല്ലായ്പ്പോഴും വൈകും. രണ്ട് തവണ താക്കീത് നൽകിയിട്ടും പണം നൽകാത്തതിനാൽ സ്കൂൾ അസംബ്ലിയിൽ എല്ലാവരുടെയും മുന്നിൽ തന്‍റെ പേര് വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര നിർമ്മാതാവ് താഹിർ ഹുസൈന്‍റെയും സീനത്ത് ഹുസൈന്‍റെയും മകനാണ് ആമിർ. ഫൈസൽ ഖാൻ, ഫർഹത് ഖാൻ, നിഖാത് ഖാൻ എന്നിവരാണ് സഹോദരങ്ങൾ. 1973-ൽ യാദോൻ കി ബാരാത്ത് എന്ന ചിത്രത്തിലൂടെയാണ് ആമിർ ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. 1988-ൽ ഖയാമത്ത് സേ ഖയാമത്ത് തക് എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു.
Post a Comment
0 Comments