ഡൽഹി: ഓൺലൈനിൽ മദ്യം ബുക്ക് ചെയ്താൽ വീട്ടിൽ എത്തിച്ച് നൽകുമെന്ന് പറഞ്ഞ് റിട്ടേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥയില്‍ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയതായി പരാതി. ഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. സുശാന്ത് ലോക് നിവാസിയായ സൊഹ്‌റ ചാറ്റര്‍ജി എന്ന ഐഎഎസ് ഉദ്യോഗസ്ഥയ്ക്കാണ് പണം നഷ്ടമായത്. പാർട്ടി നടത്താനായി മദ്യം വാങ്ങാൻ ഒരു വെബ്സൈറ്റിൽ മുൻകൂറായി പണം അയയ്ക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. jagdishwineshopgurgaon.com വെബ്സൈറ്റിൽ ഉദ്യോഗസ്ഥ മദ്യത്തിനായി ഓർഡർ നൽകി. എല്ലാത്തരം മദ്യവും വീട്ടിൽ എത്തിക്കുമെന്ന് വെബ്സൈറ്റ് അവകാശപ്പെട്ടിരുന്നു. വെബ്സൈറ്റ് അധികൃതർ പാര്‍ട്ടിയ്ക്കിടയില്‍ വിളിച്ച് അക്കൗണ്ട് വിശദാംശങ്ങളും ഒടിപിയും ആവശ്യപ്പെട്ടപ്പോൾ, ഉദ്യോഗസ്ഥ ഈ വിവരങ്ങളും കൈമാറി. ആദ്യം 630 രൂപയാണ് സൊഹ്റയുടെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്തത്. പിന്നീട് 192477 രൂപ കൂടി ഡെബിറ്റ് ചെയ്തതായി മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ ഗുരുഗ്രാം പൊലീസ് കേസെടുത്തു. സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇനിയും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് വിവരം. വഞ്ചന, ഐ ടി ആക്ട് സെക്ഷന്‍ 66-ഡി എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Post a Comment
0 Comments