തന്റെ ശബ്ദം അനുകരിച്ച് സംസാരിക്കുന്നവർ കാരണം വഞ്ചിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി നടൻ ബാബു ആന്‍റണി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വഞ്ചിക്കപ്പെട്ട ഒരു കുടുംബത്തിൽ നിന്നുള്ള സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്. "ദയവായി ഇത്തരം വ്യാജന്മാരാൽ പറ്റിക്കപ്പെടരുത്. ഭൂരിഭാഗം മിമിക്രി കലാകാരന്മാരും അനുകരിക്കുന്നതുപോലെയല്ല എന്റെ യഥാർത്ഥശബ്ദം. ഈയടുത്ത് പങ്കെടുത്ത ടെലിവിഷൻ ഷോയിൽ ഞാനിക്കാര്യം വ്യക്തമായി കാണിച്ചിരുന്നു. നാടോടി എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ശബ്ദമാണ് മിമിക്രിക്കാർ അനുകരിക്കാറ്. യഥാർത്ഥജീവിതത്തിൽ ഞാൻ ജാക്സനേപ്പോലെ ഒരിക്കലും ചിരിച്ചിട്ടില്ല" ബാബു ആന്‍റണി ഫേസ്ബുക്കിൽ കുറിച്ചു. 'ഹെഡ്മാസ്റ്റർ' ആണ് ബാബു ആന്‍റണിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കരൂരിന്റെ 'പൊതിച്ചോറ്' എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഹെഡ്മാസ്റ്റർ. രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രം ജൂലൈ 29 നാണ് റിലീസ് ചെയ്തത്. മണിരത്നത്തിന്‍റെ ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിൻ സെൽവനിലും ബാബു ആന്‍റണി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത് ബാബു ആന്‍റണിയെ നായകനാക്കി റിലീസിനൊരുങ്ങുന്ന മലയാളചലച്ചിത്രമാണ് പവർ സ്റ്റാർ .
Post a Comment
0 Comments