തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട ഐജി ഗോഗുലത്ത് ലക്ഷ്മണിനെ മൂന്ന് മാസത്തേക്ക് കൂടി സസ്പെൻഡ് ചെയ്തു. ലക്ഷ്മണിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണ്ടിവരുമെന്ന് ഇന്‍റലിജൻസ് എഡിജിപി സർക്കാരിനെ അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നത് ശരിയല്ലെന്ന് സസ്പെൻഷൻ അവലോകനം ചെയ്ത സമിതി വിലയിരുത്തി. സസ്പെൻഷൻ 90 ദിവസം കൂടി തുടരണമെന്ന സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. ചീഫ് സെക്രട്ടറി വി.പി.ജോയ് അധ്യക്ഷനായ കമ്മിറ്റിയിൽ ഭരണപരിഷ്കാര അഡി.ചീഫ് സെക്രട്ടറി ആശാ തോമസ്, ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ഡോ. വി.വേണു, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവരാണ് അംഗങ്ങൾ. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 2021 നവംബർ 10നാണ് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തത്. മോൻസനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്ത ശേഷവും ഐജി മോൻസനുമായി ബന്ധം തുടരുകയും മോൻസനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടക്കത്തിൽ രണ്ട് മാസത്തേക്കായിരുന്നു സസ്പെൻഷൻ. പിന്നീട് നാല് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. അടുത്ത ഘട്ടമെന്ന നിലയിൽ സസ്പെൻഷൻ കാലാവധി ആറ് മാസത്തേക്ക് നീട്ടാനിരുന്നെങ്കിലും മൂന്ന് മാസത്തേക്ക് നീട്ടുകയായിരുന്നു. 1997 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ലക്ഷ്മണിനെ സോഷ്യൽ പൊലീസിംഗിന്‍റെയും ട്രാഫിക്കിന്‍റെയും ചുമതലയുള്ള ഐ.ജിയായിരിക്കെയാണ് സസ്പെൻഡ് ചെയ്തത്. ജനുവരിയിൽ എ.ഡി.ജി.പിയായി ചുമതലയേൽക്കേണ്ടിയിരുന്ന ലക്ഷ്മണിന് 2033 വരെ സർവീസുണ്ടാകും.
Post a Comment
0 Comments